ഹോം » കുമ്മനം പറയുന്നു » 

മുഖ്യമന്ത്രിമാരും മന്ത്രിമാരും ജനരോഷം ഭയക്കുന്നു: കുമ്മനം

പ്രിന്റ്‌ എഡിഷന്‍  ·  December 4, 2017

 

കൊച്ചി: കനത്ത മഴയും കാറ്റും ദുരിതം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ തയ്യാറാകാത്തത് ജനരോഷം ഭയന്നാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പതിനാലാം ധനകാര്യകമ്മീഷന്‍ 1021 കോടിയാണ് സംസ്ഥാനത്തിന് ദുരന്തനിവാരണത്തിന് അനുവദിച്ചത്.

എന്നാല്‍ അതോറിറ്റി പണം ഫലപ്രദമായി വിനിയോഗിക്കുന്നില്ല. വിദഗ്ധര്‍ ഉള്‍പ്പെടാത്ത അതോറിറ്റി വെറും പാവയാണ്. ആധുനിക സജ്ജീകരണങ്ങളോ പരിശീലനമോ ലഭിക്കാത്ത അലങ്കാര സംവിധാനം മാത്രമാണ് കേരളത്തിന് ദുരന്തനിവാരണം. കേന്ദ്രം നല്‍കിയ 1021 കോടിയില്‍ 7.5 ലക്ഷം മാത്രമാണിതുവരെ ചെലവിട്ടത്, കുമ്മനം കുറ്റപ്പെടുത്തി.

കടലിനെക്കുറിച്ച് കൂടുതലറിയാവുന്ന മത്സ്യത്തൊഴിലാളികളെ ഒഴിവാക്കി രക്ഷാപ്രവര്‍ത്തനം നടത്തിയത് ദുരന്തത്തിന്റെ ആഘാതം കൂട്ടാനിടയാക്കി. കൃത്യസമയത്ത് കണ്‍ട്രോള്‍ റൂം തുറന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും കഴിഞ്ഞില്ല. 28ന് മുന്നറിയിപ്പ് ലഭിക്കുകയും 30ന് ദുരന്തമുണ്ടാകുകയും ചെയ്തിട്ടും ശനിയാഴ്ച മാത്രമാണ് കണ്‍ട്രോള്‍ തുറന്നത്. 40 നോട്ടിക്കല്‍ മൈലിന് അപ്പുറമാണ് തൊഴിലാളികള്‍ മത്സ്യബന്ധനം നടത്താറ്. എന്നാല്‍ പരിശോധനകള്‍ നടത്തിയത് 20 നോട്ടിക്കല്‍ മൈലിനുള്ളിലാണ്. തദ്ദേശീയരായ മത്സ്യത്തൊഴിലാളികളുടെ സേവനം ഉപയോഗിച്ചിരുന്നെങ്കില്‍ മരണങ്ങളെങ്കിലും ഒഴിവാക്കാനാകുമായിരുന്നു.

ദുരന്തം ഉണ്ടായപ്പോള്‍ത്തന്നെ കേന്ദ്ര സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപെടലുകളാണ് നടത്തിയതെന്ന് കുമ്മനം പറഞ്ഞു. ദുരന്തം നേരിടുന്നതില്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താല്‍പ്പര്യപ്രകാരം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിന്റെ കൈത്താങ്ങുണ്ടായി.

കേരളത്തിലേക്ക് തെരച്ചിലിനായി പത്ത് കപ്പലുകളും മൂന്ന് വിമാനങ്ങളുമെത്തി. നേവിയുടെയും എയര്‍ഫോഴ്‌സിന്റെയും ഇടപെടലുകളിലൂടെ കടലില്‍ കുടുങ്ങിപ്പോയവരെ രക്ഷിക്കാനായി. കൂടുതല്‍ സഹായങ്ങള്‍ വേണമെങ്കില്‍ കേരളം ആവശ്യപ്പെടണം. കേന്ദ്രപ്രതിരോധ മന്ത്രി തന്നെ കേരളത്തിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയാണ്.

മഹാരാഷ്ട്രയുടെയും ഗോവയുടെയും തീരത്ത് രക്ഷപ്പെട്ടെത്തിയ കേരളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് ആ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തന്നെ സഹായങ്ങളുമായി നേരിട്ടെത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനും ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖറിനും കേരളജനതയ്ക്കായി നന്ദി അറിയിക്കുന്നെന്നും കുമ്മനം പറഞ്ഞു.

കുമ്മനം പറയുന്നു - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick