ഹോം » സിനിമ » 

മൂന്നു പതിറ്റാണ്ട് നായകന്‍

പ്രിന്റ്‌ എഡിഷന്‍  ·  December 5, 2017

ബോളിവുഡ് ചലച്ചിത്രരംഗത്തെ അഭിനയചക്രവര്‍ത്തിമാരുടെ പട്ടികയെടുത്താല്‍ അറിയാം കപൂര്‍ കുടുംബത്തിന്റെ തലയെടുപ്പ്. കപൂര്‍ എന്നാല്‍ ബോളിവുഡ് എന്നു പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. പ്രണയനായകനായിരുന്ന അദ്ദേഹം ഒരിക്കല്‍ സ്ത്രീകളുടെ ഹരമായിരുന്നു. മൂന്നു ദേശീയ അവാര്‍ഡുകള്‍ നേടി അദ്ദേഹം.

പൃഥ്വിരാജ് കപൂറിന്റെ മൂന്നാമത്തെ മകനായി ബ്രിട്ടീഷ് ഭരണകാലത്ത് കൊല്‍ക്കത്തയിലാണ് ജനിച്ചത്. രാജ്കപൂര്‍, ഷമ്മികപൂര്‍ എന്നിവരുടെ ഇളയസഹോദരന്‍. പൃഥ്വിരാജ് രാജ് കപൂറും, രാജ്കപൂറും നേരത്തെ ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്‌ക്കാരമായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌ക്കാരം നേടിയിരുന്നു. 2011ല്‍ ശശിയും ഈ പുരസ്‌ക്കാരം കുടുംബത്തില്‍ എത്തിച്ചു.

അമിതാഭ് ബച്ചന്റെ അതേ കാലഘട്ടത്തില്‍ ബോളിവുഡില്‍ തിളങ്ങിയ അഭിനയപ്രതിഭയായിരുന്നു ശശിയും. പൃഥ്വിരാജ് കപൂര്‍ സംവിധാനം ചെയ്ത നാടകങ്ങളിലൂടെയാണ് ശശിയുടെ അഭിനയരംഗത്തേക്കുള്ള കടന്നുവരവ്. 40കളില്‍ സിനിമയില്‍ ബാലതാരമായി. സംഗ്രാം( 1950)ദാനാ പാനി(1953) തുടങ്ങിവയില്‍ അഭിനയിച്ചു. ആഗ്, ആവാര തുടങ്ങിവയില്‍ അവിസ്മരണയമായ അഭിനയം കാഴ്ച വച്ച ശശി പിന്നെ ഹിന്ദി സിനിമകളുടെ അവിഭാജ്യഘടകമായി.

സുനില്‍ ദത്തിന്റെ ആദ്യ ചിത്രമായ പോസ്റ്റ് ബോക്‌സ് 999 ന്റെ സഹസംവിധായകനായി സംവിധാനത്തിലേക്കും കടന്നു. ധര്‍മ്മ പുത്രയിലാണ്( 1961) നായകവേഷം ചെയ്തു തുടങ്ങിയത്. 116 സിനിമകളിലാണ് നായകനായത്. 21 സിനിമകളില്‍ ഒരു മടിയുമില്ലാതെ സഹനായകനായും വേഷമിട്ടു. അറുപതുകളിലും എഴുപതുകളിലും ബോളിവുഡിലെ മുടിചൂടാമന്നന്‍. ദ ഹൗസ് ഹോള്‍ഡര്‍, ഷേയ്ക്ക്‌സ്പിയര്‍ വാല തുടങ്ങിയ ഇംഗ്ലീഷ് ചിത്രങ്ങളിലും അഭിനയിച്ചു. രാഖി, ഷര്‍മ്മിള ടാഗോര്‍, സീനത്ത് അമന്‍ എന്നിവരായിരുന്നു ഹിന്ദിയിലെ ഹിറ്റായ ജോഡികള്‍. ഇവരുടെ അഭിനയച്ചേര്‍ച്ച ഒരു പ്രത്യേക രസതന്ത്രം തന്നെയായിരുന്നു.

ഹേമമാലിനി, പര്‍വ്വീണ്‍ ബാബി, മൗഷ്മി ചാറ്റര്‍ജി എന്നിവര്‍ക്കൊപ്പവും അഭിനയിച്ചു. ജാന്‍വര്‍ ഔര്‍ ഇന്‍സാന്‍, കഭീ കഭീ, ബസേര, തൃഷ്ണ. ദൂസരാ ആദ്മി, സമീന്‍ ആസ്മാന്‍, വക്ത്, സുഹാനസഫര്‍, പതംഗ തുടങ്ങിയവ ശ്രദ്ധേയമായ ്ചിത്രങ്ങളാണ്. 86ല്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡും ലഭിച്ചു( ന്യൂദല്‍ഹി ടൈംസ്).

മൂന്നു പതിറ്റാണ്ട് നായക വേഷത്തില്‍ വെന്നിക്കൊടി പാറിച്ച ശശി, 56ലാണ് ഇംഗ്ലീഷ് നടി ജെന്നഫര്‍ കെന്‍ഡാലുമായി അടുത്തത്. എതിര്‍പ്പുകള്‍ തള്ളി 58ല്‍ വിവാഹിതരായി. 78ല്‍ ഇവര്‍ പൃഥ്വി തീയേറ്റര്‍ സ്ഥാപിച്ചു. 84ല്‍ അര്‍ബുദം ബാധിച്ച് ജെന്നിഫര്‍ മരിച്ചത് ശശി കപൂറിനെ തകര്‍ത്തുകളഞ്ഞു. അതോടെ ചലച്ചിത്ര രംഗത്തു നിന്ന് അകന്നു.

ശശിയുടെ മൂന്നു മക്കളും ചലച്ചിത്രരംഗത്ത് എത്തിയെങ്കിലും ഇംഗ്ലീഷ് ഛായ അവര്‍ക്ക് വലിയ തടസമായിരുന്നു. കുനാല്‍ പരസ്യ ചിത്ര സംവിധായകനാണ്. കരണ്‍ മോഡലിങ്ങ് താരമാണ്, ലണ്ടനിലാണ് സ്ഥിര താമസം.

Related News from Archive
Editor's Pick