ഹോം » വിചാരം » മുഖപ്രസംഗം

വിഴിഞ്ഞത്തെ ജനരോഷം

പ്രിന്റ്‌ എഡിഷന്‍  ·  December 5, 2017

കേരളത്തിന്റെ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിക്കും നേരിടേണ്ടിവന്നിട്ടില്ലാത്ത ജനരോഷമാണ് പിണറായി വിജയന്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. ദുരന്തം സംഭവിച്ച് നാലാംദിസസം മാത്രം വിഴിഞ്ഞം കടലോരത്തെത്തിയ മുഖ്യമന്ത്രിക്ക് ജീവനും കൊണ്ടോടേണ്ടിവന്നു എന്നുപറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തിയില്ല. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ വന്‍ പോലീസ് പട അണിനിരന്നിട്ടും ജനരോഷത്തിന് അറുതിവരുത്താനോ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ഒന്നാം നമ്പര്‍ കാറില്‍ മടക്കിക്കൊണ്ടുപോകാനോ കഴിഞ്ഞില്ല.

മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്കും ജനവികാരത്തിന് മുന്നില്‍ ഭയന്നൊളിക്കേണ്ടിവന്നു. ഇതെല്ലാം സ്വയംകൃതാനര്‍ത്ഥം എന്നേ പറയാനാകൂ. വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചത് ദുരന്തമുണ്ടാകുമെന്ന വിവരം ലഭിച്ചത് വ്യാഴാഴ്ച ഉച്ചയ്‌ക്കെന്നാണ്. എന്നാല്‍ അതിന് രണ്ടു ദിവസം മുന്‍പ്, അതായത് നവംബര്‍ 28 നും 29 നും കേരളത്തില്‍ ചുഴലിക്കാറ്റുണ്ടാകുമെന്ന വിവരം കൈമാറിയിട്ടുണ്ട്. പക്ഷേ സര്‍ക്കാര്‍ അത് ഗൗനിച്ചില്ല.

മുഖ്യമന്ത്രിക്ക് മാത്രമല്ല, മന്ത്രിമാര്‍ക്കും വീഴ്ചപറ്റിയോ? തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് കള്ളക്കരച്ചില്‍ എന്ന മട്ടിലുള്ള മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ പ്രസ്താവനയും മത്സ്യത്തൊഴിലാളികളെ ദുഃഖിപ്പിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായ നൂറോളം പേരെക്കുറിച്ച് ഒരു വിവരവുമില്ലാതെ ദുരന്തം പേറിനില്‍ക്കുമ്പോള്‍ നാവികസേനയുടെ ഹെലികോപ്റ്ററില്‍ ആകാശയാത്ര നടത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനോടും പൊറുക്കാന്‍ മത്സ്യത്തൊഴിലാളികള്‍ തയ്യാറായില്ല. മാത്രമല്ല, നാലുദിവസം പിന്നിട്ടപ്പോഴാണ് മുഖ്യമന്ത്രി തീരത്തെത്തിയത് എന്നതിലുള്ള രോഷവും ജനങ്ങള്‍ക്കുണ്ട്. വിഴിഞ്ഞത്തുചെന്ന് പ്രതിഷേധം അനുഭവിച്ച മുഖ്യമന്ത്രി പൂന്തുറ സന്ദര്‍ശനം റദ്ദുചെയ്യുകയുമുണ്ടായി. സര്‍ക്കാര്‍ ഗുരുതരമായ വീഴ്ച വരുത്തി എന്ന വികാരമാണ് ജനങ്ങള്‍ പ്രകടിപ്പിച്ചത്. ദുഃഖം പേറിനില്‍ക്കുന്നവരെ ആശ്വസിപ്പിക്കുന്നതിനു പകരം അവഹേളിക്കാന്‍ ശ്രമിച്ചാല്‍ അത് സമ്മതിച്ചുകൊടുക്കില്ലെന്നതിന്റെ തെളിവാണ് വിഴിഞ്ഞത്ത് കണ്ടത്.

ഇതേ ജനക്കൂട്ടത്തിന് നടുവിലേക്കാണ് തിങ്കളാഴ്ച പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പോലീസിന്റെ മുന്നറിയിപ്പിനെ കൂസാതെ ചെന്നത്. സങ്കട ശബ്ദങ്ങളുണ്ടായെങ്കിലും കേന്ദ്രമന്ത്രി സംസാരിച്ച് തുടങ്ങിയപ്പോള്‍ ശ്വാസമടക്കി തീരവാസികളെല്ലാം അവരെ കേട്ടു. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് പറയാനുള്ളതും അവര്‍ കേട്ടു. ഓരോരുത്തരുടെയും ഹൃദയത്തില്‍ തൊട്ടുകൊണ്ടുതന്നെയായിരുന്നു അവരുടെ വാക്കുകള്‍. മുഖ്യമന്ത്രിക്ക് മുന്നില്‍ മുഷ്ടിചുരുട്ടിയവര്‍ കേന്ദ്രമന്ത്രിക്ക് പിന്നില്‍ കൈകൂപ്പി നില്‍ക്കുന്ന കാഴ്ച. തീരദേശവാസികള്‍ ഇനി തിരച്ചില്‍ വേണ്ട എന്നുപറയുംവരെ നാവികസേനയും മറ്റും നിങ്ങളോടൊപ്പമെന്ന് മാത്രമല്ല നഷ്ടപ്പെട്ട വസ്തുവകകള്‍ക്ക് പരിഹാരം ഉറപ്പുനല്‍കുകയും ചെയ്തിട്ടാണ് കേന്ദ്രമന്ത്രി മടങ്ങിയത്. മുന്നറിയിപ്പ് നല്‍കിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനുള്ള സമയമല്ല ഇതെന്നറിയിച്ച പ്രതിരോധമന്ത്രി രാഷ്ട്രീയത്തിലെ ഔന്നത്യവും മര്യാദയും തെളിയിക്കുകയും ചെയ്തു. പൊതുപ്രവര്‍ത്തകര്‍, പ്രത്യേകിച്ച് ഭരണാധികാരികള്‍ ജനങ്ങളുടെ യജമാനനാകരുത്. ദാസന്മാരാകണം. എങ്കിലേ ജനങ്ങളുടെ സഹകരണം ലഭിക്കൂ എന്നതാണ് വിഴിഞ്ഞം നല്‍കുന്ന പാഠം.

Related News from Archive
Editor's Pick