വോട്ടിന് കോഴ: അമര്‍സിങ്ങിന്റെ അനുയായി അറസ്റ്റില്‍

Sunday 17 July 2011 7:36 pm IST

ന്യൂദല്‍ഹി: വോട്ടിന് കോഴ കേസില്‍ സമാജ് വാദി പാര്‍ട്ടി മുന്‍ നേതാവ് അമര്‍സിങ്ങിന്റെ സഹായി സഞ്ജീവ് സക്സേനയെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. 2008ല്‍ പാര്‍ലമെന്റില്‍ വോട്ട് ചെയ്യാന്‍ ബി.ജെ.പി അംഗങ്ങള്‍ക്ക് കോഴ വാഗ്ദാനം ചെയ്തെന്നാണു കേസ്. ഈ കേസിലെ ആദ്യ അറസ്റ്റാണിത്. അന്വേഷണം വൈകിപ്പിക്കുന്നതില്‍ ദല്‍ഹി പോലീസിനെതിരേ സുപ്രീംകോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. യു.പി.എ സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു കോഴ വാഗ്ദാനം. ഒളി ക്യാമറയില്‍ റെക്കോഡ് ചെയ്ത ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. 2009ല്‍ സക്സേനയെ ദല്‍ഹി പോലീസിലെ കുറ്റാന്വേഷണ വിഭാഗം ചോദ്യം ചെയ്തെങ്കിലും തുടര്‍ നടപടികള്‍ ഇഴഞ്ഞു നീങ്ങുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതി വിമര്‍ശനം നടത്തിയത്. കേസിലെ ആരോപണവിധേയര്‍ ഇപ്പോഴും സ്വതന്ത്രരായി നടക്കുകയാണ്. പലരും ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്നു. ഇവര്‍ക്കെതിരേ അന്വേഷണ നടപടികള്‍ ആരംഭിക്കാത്തതെന്തു കൊണ്ടെന്നു കോടതി ചോദിച്ചു. മുമ്പ് ദല്‍ഹി പോലീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്നും രണ്ടാഴ്ചയ്ക്കകം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണു പോലീസ് സക്സേനയെ അറസ്റ്റ് ചെയ്തത്. അന്വേഷണം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ദല്‍ഹി പൊലീസ് നീക്കം തുടങ്ങി. കേസുമായി ബന്ധപ്പെട്ട മറ്റുള്ളവരെയും ഉടന്‍ അറസ്റ്റ് ചെയ്യും. കേസില്‍ നേരത്തേ ചോദ്യം ചെയ്ത ബി.ജെ.പി മുന്‍ എം.പിമാരായ പഗന്‍സിങ് ഗുലാബ്സെ, മഹാവിര്‍ പഗോം എന്നിവരെയും അറസ്റ്റ് ചെയ്തേക്കും. ഇവരെ അറസ്റ്റ് ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.