ഹോം » വാണിജ്യം » 

കുരുമുളകിന് കുറഞ്ഞ ഇറക്കുമതിവില

പ്രിന്റ്‌ എഡിഷന്‍  ·  December 7, 2017

ന്യൂദല്‍ഹി; ആഭ്യന്തര കുരുമുളകിന്റെ വിലയിടിവ് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ ഇറക്കുമതിചെയ്യുന്ന കുരുമുളകിന് കുറഞ്ഞ വില നിശ്ചയിക്കണമെന്ന സ്‌പൈസസ്സ് ബോര്‍ഡിന്റെ നിര്‍ദ്ദേശം കേന്ദ്ര വാണിജ്യവ്യവസായ മന്ത്രാലയംഅംഗീകരിച്ചു. ഇതിന്റെഅടിസ്ഥാനത്തില്‍ ഇറക്കുമതി ചെയ്യുന്ന കുരുമുളകിന് ഇന്‍ഷ്വറന്‍സ് ചരക്ക്കൂലിയും ഉള്‍പ്പെടെ കിലോഗ്രാമിന് 500 രൂപയായിരിക്കും കുറഞ്ഞ വില.

അടുത്തിടെ അന്യരാജ്യങ്ങളില്‍ നിന്ന്കുറഞ്ഞ വിലയ്ക്കുള്ള കുരുമുളകിന്റെ ഇറക്കുമതി ആഭ്യന്തര കുരുമുളക് വില ഇടിച്ചത് കര്‍ഷകരില്‍ ഏറെ ആശങ്ക ഉളവാക്കിയിരുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ, കുരുമുളകിന്റെ വില ഏകദേശം 35% താഴേയ്ക്ക് പോയിരുന്നു.
കുരുമുളക് ഉല്‍പ്പാദകരാജ്യങ്ങളിലേറെയും ആസിയാന്‍ മേഖലയിലായതിനാല്‍ ദക്ഷിണേഷ്യന്‍ സ്വതന്ത്ര വ്യാപാര മേഖല (സാഫ്ത) കരാറിലെ കുറഞ്ഞ തീരുവയ്ക്കുള്ള വ്യവസ്ഥ ഉപയോഗിച്ച് ശ്രീലങ്ക വഴി ഇറക്കുമതിചെയ്‌തേക്കുമെന്നും ആശങ്കയുണ്ടായിരുന്നു.

കുരുമുളകിന്റെ കുറഞ്ഞ വിലയ്ക്കുള്ള ഇറക്കുമതിതടയുന്നതിന് കര്‍ശന നടപടികൈക്കൊള്ളണമെന്ന് വിവിധ കര്‍ഷകസംഘടനകളും ആവശ്യംഉന്നയിച്ചിരുന്നു.
കുരുമുളകിന്റെ വിളവെടുപ്പ്കാലം അടുത്തിരിക്കെ കുറഞ്ഞ ഇറക്കുമതിവില നിശ്ചയിച്ചത് ആഭ്യന്തരവില മെച്ചപ്പെടുത്താന്‍ വളരെയധികം സഹായിക്കും.

വാണിജ്യം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick