ഹോം » പ്രാദേശികം » ആലപ്പുഴ » 

കരിഞ്ചന്തയിലേക്ക് കടത്തിയ റേഷനരി പിടികൂടി

December 7, 2017

അമ്പലപ്പുഴ: സ്പിരിറ്റ് ലോറിയെന്ന് കരുതി കസ്റ്റഡിയില്‍ എടുത്ത മിനിലോറിയില്‍ നിന്ന് അനധികൃതമായി കടത്തിയ റേഷനരി കണ്ടെത്തി. ചൊവ്വാഴ്ച രാത്രി 11ഓടെ പായല്‍ക്കുളങ്ങരയില്‍ അമ്പലപ്പുഴ പോലീസാണ് മിനിലോറി കസ്റ്റഡിയില്‍ എടുത്തത്.
പിടിച്ചെടുത്ത മിനിലോറി സ്റ്റേഷനില്‍ എത്തിച്ച ശേഷം ഇന്നലെ രാവിലെ പരിശോധിച്ചപ്പോഴാണ് ലോറിയില്‍ റേഷനരിയാണെന്ന് കണ്ടെത്തിയത്. 115 ചാക്ക് റേഷനരിയും ആറ് ചാക്ക് ഗോതമ്പും പോലീസ് പിടിച്ചെടുത്തു.
കൊല്ലം ചവറയില്‍നിന്ന് കാലടി ഭാഗത്തേയ്ക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്നു റേഷനരിയെന്ന് കസ്റ്റഡിയില്‍ എടുത്ത ലോറി ഡ്രൈവര്‍ മൂവാറ്റുപുഴ പായിപ്പറ പഞ്ചായത്ത് നാലാം വാര്‍ഡില്‍ പുത്തന്‍ കുടിയില്‍ വീട്ടില്‍ ഷാജി (47) പോലീസിനോട് പറഞ്ഞു. ദേശീയപാതയിലൂടെ സ്പിരിറ്റുമായി ലോറി വരുന്നുണ്ട് എന്ന രഹസ്യവിവരം കഴിഞ്ഞ ദിവസം രാത്രിയാണ് അമ്പലപ്പുഴ പോലീസിന് ലഭിച്ചത്.
ഇതേ തുടര്‍ന്ന് പോലീസ് മുഴുവന്‍ വാഹനങ്ങളും പരിശോധിക്കുന്നതിനിടെയാണ് സംശയാസ്പദമായ രീതിയില്‍ മിനിലോറി ശ്രദ്ധയില്‍ പ്പെട്ടത്. ഏതാനും മാസം മുന്‍പും ഇത്തരത്തില്‍ മിനിലോറിയില്‍ കടത്താന്‍ ശ്രമിച്ച റേഷനരി കാക്കാഴം പാലത്തിനു സമീപം അമ്പലപ്പുഴ പോലിസ് പിടികൂടിയിരുന്നു.
പാവങ്ങള്‍ക്കു നല്‍കാനുള്ള രണ്ടു രൂപയുടെ റേഷനരി മുതല്‍ എപിഎല്‍ കുടുംബങ്ങള്‍ക്കു നല്‍കുവാനുള്ള അരി വരെയാണ് ഇപ്പോള്‍ പിടികൂടിയ ലോറിയില്‍ ഉണ്ടായിരുന്നത്. എപിഎല്‍ വിഭാഗത്തിന്റെ അരി ആലുവാ ഭാഗത്തെ ചില സ്വകാര്യ മില്ലുകളില്‍ എത്തിച്ച് കളര്‍ ഉള്‍പ്പെടെയുള്ള മായം കലര്‍ത്തി പുഞ്ചയരി എന്ന വ്യാജേന 40 രൂപ വരെ വിലയില്‍ ഇത്തരം സംഘം വില്‍ക്കാറുണ്ടന്നും പറയപ്പെടുന്നു.
കഴിഞ്ഞ കുറെ നാളുകളായി റേഷന്‍ കട ഉടമകളുമായി ചേര്‍ന്ന് ഇത്തരത്തിലുള്ള സംഘങ്ങള്‍ റേഷന്‍ സാധനങ്ങള്‍ കടത്തുന്നത് പതിവായിട്ടും ഭക്ഷ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ റേഷന്‍ കടകള്‍ പരിശോധിച്ച് ഇവ കൃത്യമായി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാറില്ലന്നും പരാതി ഉയര്‍ന്നു കഴിഞ്ഞു.

Related News from Archive
Editor's Pick