ഹോം » പ്രാദേശികം » കണ്ണൂര്‍ » 

സിപിഎം ഏരിയാ സമ്മേളനത്തിന്റെ മറവില്‍ വയല്‍ നികത്തിയത് വിവാദമാകുന്നു

December 6, 2017

മട്ടന്നൂര്‍: സിപിഎം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി വയല്‍ നികത്തിയത് വിവാദമാകുന്നു. ഉരുവച്ചാലില്‍ നടന്ന മട്ടന്നൂര്‍ ഏരിയാ സമ്മേളനത്തിന്റെ മറവിലാണ് വയല്‍ നികത്തിയത്. സമാപന പൊതു സമ്മേളനത്തിനായാണ് എക്കറിലധികം വയല്‍ മണ്ണിട്ട് നികത്തിയത്.തലശ്ശേരി മട്ടന്നൂര്‍ റൂട്ടില്‍ പഴശ്ശിയില്‍ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിക്ക് പിറകിലായാണ് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വയലുകള്‍ മണ്ണിട്ട് നികത്തിയത്.
മീറ്ററുകള്‍ക്കരികെയുള്ള പഴശ്ശി വില്ലേജ് ഓഫീസിനെ നോക്കുകുത്തിയാക്കിയാണ് നഗരസഭാ ഭരണത്തിന്റെ മറവില്‍ വയലില്‍ മണ്ണിട്ടത്. തങ്ങളുടെ കണ്‍മുമ്പില്‍ നടന്ന നിയമവിരുദ്ധ പ്രവൃത്തി വില്ലേജ് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.ലക്ഷങ്ങള്‍ ചിലവിട്ട് നൂറു കണക്കിന് ലോഡ് മണ്ണാണ് പല ഭാഗങ്ങളില്‍ നിന്നും ടിപ്പര്‍ ലോറികളില്‍ കൊണ്ടുവന്ന് വയലുകളില്‍ തട്ടിയത്.ഇതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്തമായി മുന്നോട്ടുവന്നെങ്കിലും പാര്‍ട്ടി രീതിയില്‍ അവരെ ഒതുക്കുകയായിരുന്നു.
വയല്‍ നികത്തി കരഭൂമിയാക്കിയത് വഴി റിയല്‍ എസ്‌റ്റേറ്റ് ബിസിനസിന് സഹായകരമായ നിലപാടാണ് പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും പാവപ്പെട്ടവര്‍ കിടപ്പാടമൊരുക്കാറായി തങ്ങളുടെ ആകെയുള്ള സമ്പാദ്യമായ അല്പം വയല്‍ ഭൂമിയില്‍ ഒരു കുട്ടമണ്ണിട്ടാല്‍ കര്‍ഷക സംഘത്തിനെ ഉപയോഗിച്ച് കൊടിനാട്ടി കര്‍ഷക പ്രേമം തെളിയിക്കുന്ന പാര്‍ട്ടിയുടെ നടപടിയില്‍ ഒരു വിഭാഗം പാര്‍ട്ടി അണികളില്‍ കടുത്ത പ്രതിഷേധമുണ്ട്.
ഇന്നലെ നടന്ന പാര്‍ട്ടി ഏരിയാ സമ്മേളനത്തില്‍ ലക്ഷങ്ങള്‍ ചിലവഴിച്ചാണ് വേദിയൊരുക്കിയത്. എല്ലാ നിയമങ്ങളും കാറ്റില്‍പറത്തി കൊടിതോരണങ്ങള്‍ റോഡിന് മുകളില്‍ ചമയിച്ചിരുന്നു. ഇവന്റ് മാനേജ്‌മെന്റിനെയാണ് പ്രവൃത്തികള്‍ എല്‍പ്പിച്ചതെന്നും പറയപ്പെടുന്നു.പരമ്പരാഗതമായുളള വയല്‍ നികത്തിയുമൂലം ലക്ഷങ്ങള്‍ പാര്‍ട്ടിക്ക് ലാഭമുണ്ടാകുമെന്നും പറയപ്പെടുന്നു.

 

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick