ഹോം » പ്രാദേശികം » തൃശ്ശൂര്‍ » 

അന്താരാഷ്ട്ര നാടകോത്സവത്തില്‍ പത്ത് നാടകങ്ങള്‍

December 6, 2017

തൃശൂര്‍: സംഗീതനാടക അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവം(ഇറ്റ്ഫോക്ക്) പത്താം എഡിഷനില്‍ 32 നാടകങ്ങള്‍ അരങ്ങേറും.
ജനുവരി 20 മുതല്‍ 29 വരെ നീളുന്ന നാടകോത്സവത്തില്‍ ഇറാന്‍, പലസ്തീന്‍, ഈജിപ്ത്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ജോര്‍ജിയ, ഇംഗ്ലണ്ട്, സിംഗപ്പൂര്‍, സ്വിറ്റ്സര്‍ലന്റ് എന്നിവിടങ്ങളില്‍നിന്നുള്ള 16 നാടകങ്ങളും 15 ഇന്ത്യന്‍നാടകങ്ങളും അരങ്ങിലെത്തും.
മുംബൈയിലെ ക്രാന്തി ഫൗണ്ടേഷന്‍ അവതരിപ്പിക്കുന്ന സംവാദരൂപത്തിലുള്ള നാടകാവതരണമാണ് മറ്റൊന്ന്. മുംബൈയിലെ സെക്സ് തൊഴിലാളികളുടെ കുട്ടികള്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന രീതിയിലാണ് ഇതിന്റെ അവതരണമെന്ന് അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍നായര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മലയാളനാടകങ്ങള്‍ അഞ്ചെണ്ണമുണ്ടാകും.
‘തിയറ്റര്‍ ഓഫ് മാര്‍ജിനലൈസ്ഡ്’ എന്നതാണ് പത്താം എഡിഷന്റെ പ്രമേയം. സെമിനാറുകള്‍, ഫോട്ടോപ്രദര്‍ശനം, സംഗീതപരിപാടികള്‍, കേരളീയ കലാരൂപങ്ങള്‍ എന്നിവയും ഇതോടനുബന്ധിച്ച് വിവിധ ദിവസങ്ങളില്‍ നടക്കും.
സംഗീതനാടക അക്കാദമി, സ്‌കൂള്‍ ഓഫ് ഡ്രാമ, ജവഹര്‍ ബാലഭവന്‍, രാമനിലയം, പാലസ് ഗ്രൗണ്ട് എന്നിവ വേദികളാകും. ഭിന്നലിംഗക്കാര്‍ക്കു വേണ്ടിയുള്ള നാടക പരിശീലനക്യാമ്പ് സ്‌കൂള്‍ ഓഫ് ഡ്രാമയിലും നടത്തും. ക്യാമ്പില്‍ രൂപംകൊള്ളുന്ന നാടകത്തിന്റെ അവതരണം ആദ്യദിനത്തില്‍ അക്കാദമി കാമ്പസില്‍ അരങ്ങേറും. ഇറ്റ്ഫോക്കിന്റെ ഉദ്ഘാടനം 20ന് വൈകീട്ട് 5.30ന് മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വഹിക്കും.
നാടകോത്സവത്തിന്റെ ഷെഡ്യൂള്‍ പ്രകാശനം തൃശൂര്‍ പ്രസ്‌ക്ലബില്‍ നടന്നു. വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട്, പ്രോഗ്രാം ഓഫീസര്‍ എ.വി. രാജീവന്‍, ഇറ്റ്ഫോക്ക് കോ-ഓര്‍ഡിനേറ്റര്‍ ജലീല്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related News from Archive
Editor's Pick