ഹോം » പ്രാദേശികം » ഇടുക്കി » 

വെള്ളത്തൂവലില്‍ അനധികൃത പാറമടകള്‍ സജീവം

December 6, 2017

 

രാജാക്കാട്: വീട് നിര്‍മ്മിക്കാന്‍പോലും പാറപൊട്ടിക്കാന്‍ അനുമതിയില്ലാത്ത സാഹചര്യത്തിലും അനധികൃത ക്വാറികള്‍ സജീവം. കോടതി ഉത്തരവ് കാറ്റില്‍ പറത്തിയാണ് വെള്ളത്തൂവല്‍ പഞ്ചായത്തിലെ സൗത്ത് കത്തിപ്പാറയില്‍ അനധികൃത ക്വാറിയുടെ പ്രവര്‍ത്തനം.
നിര്‍ത്തിവയ്ക്കല്‍ ഉത്തരവ് നല്‍കിയിരിക്കുന്ന ക്വാറികള്‍ക്ക് സമീപത്താണ് നിലവില്‍ പുതിയ ക്വാറിയുടെ പ്രവര്‍ത്തനം. പാറ ഖനനത്തിനെതിരേ ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിലവില്‍ ഒരുവിധ അനുമതിയുമില്ലാതെ വെള്ളത്തൂവല്‍ പഞ്ചായത്തില്‍ സൗത്ത് കത്തിപ്പാറയില്‍ അനധികൃതമായി പാറ ഖനനം നടത്തുന്നത്. സൗത്ത് കത്തിപ്പാറയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ഉള്ളിലാണ് രാത്രിയിലടക്കം പാറഖനനം നടക്കുന്നത്. വന്‍ സ്‌ഫോടക ശേഷിയുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് പാറ ഖനനം നടത്തുന്നത്. ഇത് സമീപത്തെ വീടുകള്‍ക്ക് ഭീഷണിയായതിനെ തുടര്‍ന്ന് രണ്ട് ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. ഇതിന് ശേഷമാണ് സമീപത്തായി വീണ്ടും അനധികൃത പാറഖനനം ആരംഭിച്ചിരിക്കുന്നത്.
പഞ്ചായത്തടക്കം പാറഖനനം നടത്തുന്നതിനെതിരേ രംഗത്ത് വന്നെങ്കിലും പണത്തിന്റെ സ്വാധീനവും ഉന്നത രാഷ്ട്രീയ ബന്ധവുമുള്ള ക്വാറിമാഫിയ ഭരണ സംവിധാനത്തെ വെല്ലുവിളിച്ചാണ് പാറഖനനം നടത്തുന്നത്. ലോഡ് കൊണ്ടുപോകുന്നതിന് ടിപ്പറടക്കമുള്ള വലിയ വാഹനങ്ങള്‍ കടന്നുപോകുന്നതിന് റോഡും നിര്‍മ്മിച്ചിട്ടുണ്ട്. ഇത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും വെള്ളത്തൂവല്‍ പഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍. ബിജി പറഞ്ഞു.

Related News from Archive
Editor's Pick