ഹോം » പ്രാദേശികം » കണ്ണൂര്‍ » 

പന്തക്കല്ലിലെ അനധികൃത കോഴി വില്‍പന; ജനങ്ങള്‍ക്ക്‌ ദുരിതമാവുന്നു

July 17, 2011

മാഹി: പന്തക്കല്ലിലെ അനധികൃത കോഴി വില്‍പന ജനങ്ങള്‍ക്ക്‌ ദുരിതമാകുന്നു. മാഹിയിലെ ലൈസന്‍സിയുടെ മറവില്‍ തമിഴ്നാട്ടില്‍ നിന്നും കടത്തിക്കൊണ്ടുവരുന്ന കോഴികളെ പന്തക്കല്ലില്‍ വെച്ചാണ്‌ വില്‍പന നടത്തുന്നത്‌. നികുതി വെട്ടിച്ച്‌ കൊണ്ടുവരുന്ന കോഴികളെയാണ്‌ ഇവിടെ നിന്നും മൊത്തമായും ചില്ലറയായും വില്‍പന നടത്തുന്നത്‌. ഇത്തരത്തിലുള്ള കോഴി വില്‍പന സമീപവാസികള്‍ക്ക്‌ കടുത്ത ദുരിതമായി മാറിയിരിക്കുകയാണ്‌. പന്തോക്കാവ്‌ അയ്യപ്പക്ഷേത്രം, ശ്രീ പരദേവത ക്ഷേത്രം എന്നിവയുടെ സമീപത്തുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലത്ത്‌ വെച്ചാണ്‌ വില്‍പന. ഇതുമൂലം ഇവിടെ കോഴിക്കാഷ്ടങ്ങളും മറ്റ്‌ അവശിഷ്ടങ്ങളും കിടക്കുന്നത്‌ ദര്‍ശനത്തിനായി ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക്‌ ഏറെ ബുദ്ധിമുട്ടാവുകയാണ്‌. വിശ്വാസികളുടെ ഇടയില്‍ ഇത്‌ വ്യാപക പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്‌. അസഹ്യമായ ദുര്‍ഗന്ധം മൂലം മൂക്കുപൊത്താതെ നടക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്‌ പരിസരവാസികള്‍. സംഭവം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ബിജെപി മാഹി മേഖലാ കമ്മറ്റി ഇതിനെതിരെ ധര്‍ണ നടത്തിയിരുന്നു. പ്രതികരണ വേദി ഇതിനെതിരെ സ്ഥാപിച്ച ബാനര്‍ കോഴിക്കച്ചവടക്കാര്‍ നശിപ്പിച്ചിരുന്നു. ദിനംപ്രതി ലക്ഷക്കണക്കിന്‌ രൂപയുടെ നികുതിവെട്ടിപ്പിലൂടെയും പരിസരവാസികള്‍ക്ക്‌ ബുദ്ധിമുട്ടാകുന്ന തരത്തിലുമുള്ള കോഴി വില്‍പന അവസാനിപ്പിക്കണമെന്ന്‌ ഹിന്ദുഐക്യവേദി പന്തക്കല്‍ യൂണിറ്റ്‌ യോഗം ആവശ്യപ്പെട്ടു. പി.ജിജിന്‍ അദ്ധ്യക്ഷത വഹിച്ചു.

Related News from Archive
Editor's Pick