വിശ്വമാതൃത്വം

Saturday 9 December 2017 2:45 am IST

ഡോ. ലക്ഷ്മീകുമാരി”മാതൃദേവി എത്രവലിയ മഹതിയാണെന്ന് നിങ്ങള്‍ക്ക് മനസ്സിലായിട്ടില്ല; നിങ്ങള്‍ക്കാര്‍ക്കും ഇപ്പോഴും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല, ക്രമേണ മനസ്സിലാകും. ശക്തി കൂടാതെ ലോകോദ്ധാരണം ഉണ്ടാകയില്ല. നമ്മുടെ നാട് ഏറ്റവും അധമവും ദുര്‍ബ്ബലവുമായിരിക്കുന്നത് എന്തുകൊണ്ട്? ശക്തിയെ അപമാനിച്ചതുകൊണ്ട്. ഭാരതത്തില്‍ ആ മഹാശക്തിയെ വീണ്ടും ഉണര്‍ത്താനാണ് മാതൃദേവി ആവിര്‍ഭവിച്ചിരിക്കുന്നത്; അവരെ അവലംബിച്ച്, ഗാര്‍ഗ്ഗി, മൈത്രേയി മുതലായവര്‍ ലോകത്തില്‍ ജനിക്കും.” (വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം വോള്യം 5, പേജ് 147)ബ്രഹ്മവാദിനികളായി ഏതോ ഒരുകാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഇവര്‍ രണ്ടുപേരേയും മാതൃദേവി ശ്രീ ശാരദയുമായി ഇണക്കാനുള്ള കാരണമെന്തായിരിക്കാം? അമ്മ വിദ്യാരൂപിണിയായ ശാരദയാണെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്. ഭാവത്തിലും പ്രകൃതത്തിലും അവര്‍ സ്‌നേഹസ്വരൂപിണിയായിരുന്ന മാതൃദേവിയുമായിരുന്നു.

ഒരു വ്യത്യാസം, അമ്മയുടെ അറിവ് ഇന്നത്തെ ‘വിവര’ക്കേടില്‍ പെട്ടതായിരുന്നില്ല. പരാവിദ്യയുടെ പ്രതീകമായിരുന്നു അമ്മ. സംസാരത്തില്‍ മുങ്ങിയും താണും ദിനങ്ങള്‍ കഴിച്ച മാതൃദേവി, ‘പത്മപത്രമിവാംഭസാ’ എന്നതിന്റെ ഉദാഹരണമായിരുന്നു. മമതയുടെ ദുര്‍വ്വാസനകള്‍ അമ്മയുടെ കുടുംബബന്ധങ്ങളെ അലങ്കോലപ്പെടുത്തിയില്ല, ഗംഗാനദിയിലെ മാലിന്യങ്ങള്‍ ഗംഗയുടെ പവിത്രതയ്ക്ക് ഒരു കുറവും വരുത്താത്ത മാതിരി അമ്മയുടെ ചുറ്റുമുണ്ടായിരുന്ന സംസാരജലത്തിന്ന് അമ്മയെ ഒരിക്കലും നനയ്ക്കാന്‍ കഴിഞ്ഞില്ല. നിസ്സംഗത്വം അതിന്റെ കൂടപ്പിറപ്പായ ഗുണങ്ങളെയെല്ലാം അമ്മയില്‍ സമയാസമയത്ത് പ്രകടിതമാക്കി ആ ധന്യജീവിതത്തിന്റെ പരിശുദ്ധിയെ കാത്തുരക്ഷിച്ചു. ആ അമ്മയെ മാതൃത്വത്തിന്റെ അത്യുന്നത മാതൃകയായി ശ്രീരാമകൃഷ്ണഭക്തന്മാര്‍ ഇന്നും വാഴ്ത്തിക്കൊണ്ടിരിക്കുന്നു. ബ്രഹ്മവാദിനികളായ ഗാര്‍ഗ്ഗിയുടേയും മൈത്രേയിയുടേയും സുപ്രസിദ്ധമായ രണ്ടു സംവാദങ്ങളില്‍ക്കൂടി നമുക്ക് ശ്രീശാരദയുടെ മാതൃത്വത്തിന്റെ പൊരുള്‍ തേടാം.ബൃഹദാരണ്യകോപനിഷത്തിലെ സുപ്രസിദ്ധമായ രണ്ടു സംവാദങ്ങളാണ് ഗാര്‍ഗ്ഗി, യാജ്ഞവല്‍ക്യനുമായി ചെയ്യുന്ന ജനകന്റെ രാജകീയ സദസ്സിലെ സംവാദവും, ഗാര്‍ഹസ്ഥ്യജീവിതം ഉപേക്ഷിച്ച് വാനപ്രസ്ഥത്തിന് തയ്യാറായി നില്‍ക്കുന്ന യാജ്ഞവല്‍ക്യനും ഭാര്യ മൈത്രേയിയുമായുള്ള സംവാദവും.

ജനകന്റെ വിദ്വല്‍സഭ ഒരിക്കല്‍ അതിപ്രധാനമായ ജ്ഞാനപ്രകാശത്തിന് സാക്ഷ്യം വഹിച്ചു. അവിടുത്തെ സര്‍വ്വാധിപത്യം സ്ഥാപിക്കുവാന്‍ എത്തിച്ചേര്‍ന്ന യാജ്ഞവല്‍ക്യമുനിയോട് പണ്ഡിതശ്രേഷ്ഠന്മാരെല്ലാം ഓരോ വിധത്തിലുള്ള ചോദ്യങ്ങള്‍ ഉന്നയിച്ച് അദ്ദേഹത്തിന്റെ അറിവ് പരീക്ഷിക്കാന്‍ പുറപ്പെട്ടു. ചോദ്യകര്‍ത്താക്കളെ തൃപ്തിപ്പെടുത്തുന്ന ഉത്തരങ്ങള്‍ നല്‍കി സംവാദങ്ങള്‍ മുന്നോട്ടുനീങ്ങവേ അക്കൂട്ടത്തില്‍ അറിയപ്പെട്ട ബ്രഹ്മവാദിനിയായിരുന്ന ഗാര്‍ഗ്ഗി എഴുന്നേറ്റുനിന്ന് ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ആരംഭിച്ചു. പ്രപഞ്ചത്തില്‍ എന്താണ് ഓതപ്രോതമായി നില്‍ക്കുന്നത് എന്ന ചോദ്യത്തോടെയാണ് ആരംഭം. ആ ചോദ്യങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു ഗാര്‍ഗ്ഗിയുടെ ധിഷണാവൈഭവം. ഗാര്‍ഗ്ഗിയുടെ ചോദ്യത്തിന്നുത്തരമായി അറിവിന്റെ സൂക്ഷ്മതലങ്ങളിലേക്ക് യാജ്ഞവല്ക്യന്‍ അവരെ നയിക്കുന്നു. ജലത്തില്‍ നിന്നു തുടങ്ങി വായു, അന്തരീക്ഷം, ഗന്ധര്‍വലോകങ്ങള്‍, ഇന്ദ്രലോകങ്ങള്‍, പ്രജാപതിലോകങ്ങള്‍ എന്നിവ താണ്ടി ബ്രഹ്മലോകത്തില്‍ ചെന്നുമുട്ടുന്നു. വീണ്ടും ചോദ്യം ഉന്നയിക്കാന്‍ തയ്യാറെടുക്കുന്ന ഗാര്‍ഗ്ഗിയോട് ‘ഇനി നീ ചോദിക്കുന്നത് അതിപ്രശ്‌നമായിരിക്കും’ എന്ന് താക്കീത് നല്‍കി വിരമിക്കാന്‍ പറയുന്നു. ജിജ്ഞാസ അടങ്ങിയില്ലെങ്കിലും ഗാര്‍ഗ്ഗി തല്‍ക്കാലം വിരമിക്കുന്നു.

എന്തിന് മഹര്‍ഷി ഗാര്‍ഗ്ഗിയെ തടുത്തു? ഗാര്‍ഗ്ഗിയുടെ ഭൗതികസിദ്ധികള്‍  ഒന്നുകൂടി സൂക്ഷ്മത പ്രാപിച്ചാലേ ഇനിയുള്ള അതിസൂക്ഷ്മമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഉള്‍ക്കൊള്ളാനാവുകയുള്ളൂ  എന്ന് മഹര്‍ഷിക്ക് തോന്നിയിരിക്കാം.  രണ്ടാമത്തെ പ്രശ്‌നോത്തര വേളയിലാണ് അത്യത്ഭുതവും വിവരണാതീതവുമായ അക്ഷരബ്രഹ്മതത്ത്വത്തെ യാജ്ഞവല്ക്യന്‍ വിവരിക്കുന്നത്. ആ മഹാസദസ്സിലെ മഹാപണ്ഡിതന്മാരെല്ലാം ഗാര്‍ഗ്ഗിയുടെ അര്‍ഹതയെ ചോദ്യം ചെയ്യാതെ അവര്‍ക്ക് അനുവാദം നല്‍കുന്നു.രണ്ടു ചോദ്യങ്ങളാണ് ഇത്തവണ ഗാര്‍ഗ്ഗി ഉന്നയിക്കുന്നത്.  (1) യാതൊന്നാണ് ദ്യോവിന്ന് മുകളിലായും പൃഥ്വിക്കു താഴെയായും, ദ്യോവാപൃഥ്വികള്‍ക്ക് അന്തര്‍ഭാഗത്തായും സ്ഥിതി ചെയ്യുന്നത്? (2) യാതൊന്ന് ഭൂത വര്‍ത്തമാന ഭവിഷ്യം എന്ന് അറിയപ്പെടുന്നുവോ അത് ഏതില്‍  ഓതപ്രോതമായിരിക്കുന്നു?   മഹര്‍ഷി: അത് ആകാശത്തിലാണ് ഓതപ്രോതമായിരിക്കുന്നത്. മഹര്‍ഷിയെ നമസ്‌കരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ അനുഗ്രഹത്തോടുകൂടി അവസാനത്തെ ചോദ്യം ഉന്നയിക്കുന്നു.

”കസ്മിന്‍ നു ഖലു ആകാശ ഓതശ്ച പ്രോതശ്ച ഇതി”ആകാശം ഏതിലാണ് ഓതപ്രോതമായിരിക്കുന്നത്?ഇവിടെയാണ് യാജ്ഞവല്ക്യന്‍ അക്ഷരബ്രഹ്മത്തെ വിവരിക്കുന്നത്. ”സ ഹോ വാച ഏതദ് വൈ തദക്ഷരം ഗാര്‍ഗ്ഗി ബ്രാഹ്മണാ അഭി വദന്തി.”ആ തത്വത്തെ ബ്രഹ്മജ്ഞര്‍ അക്ഷരം എന്നുപറയുന്നു. അത് അസ്ഥൂലവും, അനണുവും, അഹ്രസ്വവും, അദീര്‍ഘവും, ചുവപ്പല്ലാത്തതും ആകുന്നു. എണ്ണമയമല്ലാത്തതും നിഴലല്ലാത്തതും ഇരുട്ടല്ലാത്തതും വായുവല്ലാത്തതും ആകാശമല്ലാത്തതും സംഗമില്ലാത്തതും രസമില്ലാത്തതും ഗന്ധമില്ലാത്തതും ചക്ഷുസ്സില്ലാത്തതും ശ്രോത്രമില്ലാത്തതും വാഗിന്ദ്രിയമില്ലാത്തതും മനസ്സില്ലാത്തതും പ്രകാശമില്ലാത്തതും പ്രാണനില്ലാത്തതും, മുഖമില്ലാത്തതും അളവില്ലാത്തതും അകവും പുറവും ഇല്ലാത്തതുമാകുന്നു. അത് ഒന്നിനേയും ഭക്ഷിക്കുന്നില്ല. ആരും അതിനെ ഭക്ഷിക്കുന്നുമില്ല.  ഇങ്ങനെയാണ് അക്ഷരബ്രഹ്മത്തിന്റെ പ്രഥമവിവരണം.മുമ്പിലത്തെ ചോദ്യപരമ്പരകള്‍ക്കും രണ്ടാംതവണയിലെ ചോദ്യത്തിനും തമ്മിലുള്ള വ്യത്യാസമെന്തെന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ ഗാര്‍ഗ്ഗി നേടിക്കഴിഞ്ഞിട്ടുള്ള ധൈഷണികദക്ഷത മനസ്സിലാക്കാം.

ആദ്യത്തെ ചോദ്യങ്ങളെല്ലാം ‘സ്ഥലം’ എന്ന  സങ്കല്‍പ്പത്തോട് ബദ്ധമാണ്. ശ്രീരാമകൃഷ്ണദേവന്‍ സാക്ഷാത് ശ്രീ ശാരദയായിട്ടാണ് സ്വന്തം പത്‌നിയെ കരുതിയത്. ഒരമ്മയുടെ ശക്തിയുടെ സ്രോതസ്സ് അവളുടെ നൈസര്‍ഗ്ഗികമായ അറിവാണ്. ആ അറിവ് പ്രതിഷ്ഠിതമായിട്ടുള്ളത് ആത്യന്തികമായ സത്യത്തിലാണ്. സ്വന്തം ഭര്‍ത്താവിനോടുള്ള പൂര്‍ണ്ണമായ സ്‌നേഹവും സമര്‍പ്പണവും ഭാര്യയെ പതിവ്രതയാക്കുന്നു. സത്യത്തിന്റെ, പാതിവ്രത്യത്തിന്റെ സ്രോതസ്സ് അവള്‍ കണ്ടെത്തുന്നത് ഈ ആത്മസമര്‍പ്പണത്തിലൂടെയാണ്. ഈ സമര്‍പ്പണത്തിലൂടെ ആയാസമെന്യേ അവള്‍ക്ക് ദ്വൈതത്തില്‍ നിന്ന് അദ്വൈതത്തിലേക്ക് ഉയരാന്‍ കഴിയും. ‘മാതൃത്വം’ പരിപൂര്‍ണ്ണതയിലെത്തുന്നത് അദ്വൈതഭാവത്തിലാണ്. ”അദ്വൈതത്തിന്‍ മഹാതത്ത്വം ആദ്യം ബോധിച്ചതമ്മയാം” എന്നാണ് കവി പാടുന്നത്. ഈ അദ്വൈതഭാവമാണ് സാക്ഷാത് പരബ്രഹ്മസ്വരൂപം, പരാശക്തിസ്വരൂപം. ഇതില്‍ മനസ്സ് ഉറപ്പിക്കാന്‍ സാധിച്ചാല്‍ മാത്രമേ ദ്വന്ദ്വഭാവങ്ങള്‍ക്കതീതമായി തന്റെ സ്വസ്വരൂപത്തില്‍ ഉറച്ചുനിന്ന്, ലോകത്തിനെ ‘ഒന്നായി’, ഭേദചിന്തകളില്ലാതെ സ്വന്തമാക്കാന്‍ കഴിയൂ.

ഈ അക്ഷരബ്രഹ്മജ്ഞാനമാണ് ഗാര്‍ഗ്ഗിയുടെ ചോദ്യത്തിനുത്തരമായി മഹര്‍ഷി ലോകസമക്ഷം ഉയര്‍ത്തിക്കാട്ടുന്നത്. ഷോഡശീ പൂജയില്‍ക്കൂടി പരമപവിത്രയായ തന്റെ സഹധര്‍മ്മിണിക്ക് ശ്രീരാമകൃഷ്ണന്‍ പകര്‍ന്ന് നല്‍കിയത് ഈ ആത്മസാക്ഷാത്ക്കാരം തന്നെയായിരിക്കണം. അങ്ങിനെയാണ് ശ്രീശാരദാദേവി ഒരു അഭിനവ ഗാര്‍ഗ്ഗിയായി ബ്രഹ്മാത്മൈക്യസ്വരൂപിണിയായി, ദേവകാര്യസമുദ്യതയായി പ്രശോഭിക്കുന്നത്. ലൗകികതലത്തില്‍ മാതാവായില്ലെങ്കിലും ഒട്ടനവധി പേര്‍ക്ക്,  മാതൃത്വത്തിന്റെ പവിത്രമായ ഭാവങ്ങള്‍ക്കുടമയായി, അദ്വൈതജ്ഞാനത്തിലുറച്ചു നിന്ന് സാന്ത്വനം നല്‍കി ശ്രീശാരദാദേവി. വിദ്യാസ്വരൂപിണിയായി മാതൃരൂപത്തില്‍ ശിഷ്യസഹസ്രങ്ങളുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠിതയായി കാലദേശാതീതയായി അമ്മ ഏവര്‍ക്കും ഇന്നും ആശ്വാസമരുളിക്കൊണ്ടിരിക്കുന്നു. (തുടരും)