കഞ്ചാവ് കേസിലെ പ്രതി വീണ്ടും കഞ്ചാവുമായി പിടിയില്‍

Saturday 9 December 2017 9:47 pm IST

കല്പകഞ്ചേരി: വളവനുരിലെ മയ്യേരി മുഹമ്മദ് കുട്ടി (42)നെയാണ് ഒന്നേക്കാല്‍ കിലോ കഞ്ചാവുമായി കേരള പാന്ത്രയില്‍ നിന്ന് കരുവാരക്കുണ്ട് എസ്‌ഐ പി. ജോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.
കരുവാരക്കുണ്ട്, കാളികാവ് എന്നിവിടങ്ങളിലും മഞ്ചേരി,വണ്ടൂര്‍, പാണ്ടിക്കാട് എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും കഞ്ചാവ് വിതരണം നടത്തുന്നവര്‍ക്കും എത്തിച്ചു നല്‍കുന്ന മൊത്ത വിതരണക്കാരിലെ പ്രധാന കണ്ണിയാണ് ഇദ്ദേഹമെന്ന് പോലീസ് പറഞ്ഞു.
എട്ട് വര്‍ഷമായി പാണ്ടിക്കാട് തറിപ്പടി അത്താണി പടിയിലാണ് ഇദേഹത്തിന്റെ താമസം. 2016 ഫെബ്രുവരിയില്‍ രണ്ടര കിലോ കഞ്ചാവുമായി പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയിലായ പ്രതി വടകര എന്‍ഡിപിഎസ് കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയ ശേഷം വീണ്ടും കച്ചവടം നടത്തുന്നതിനിടെയാണ് പിടിയിലായത്.
ആന്ധ്രയില്‍ നിന്നും കോയമ്പത്തൂര്‍ വഴിയാണ് കേരളത്തിലേക്ക് പ്രതി കഞ്ചാവ് എത്തിക്കുന്നത്. ജില്ലയിലെ സ്‌കൂള്‍, കോളേജ്, അന്യസംസ്ഥാന തൊഴിലാളികള്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് ചില്ലറ വില്‍പന പൊടിപൊടിക്കുന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തില്‍ എഎസ്‌ഐ പി. കെ. അബ്ദുസ്സലാം, ഇ. കെ. അബ്ദുല്‍ റഷീദ്, സെബാസ്റ്റ്യന്‍ രാജേഷ്, രതീഷ്, സജീവ്, ഫാസില്‍ കുരിക്കള്‍, അനീഷ്, ഷബീര്‍, ഷിജു എന്നിവരും ഉണ്ടായിരുന്നു.