തേങ്ങ, വെളിച്ചെണ്ണ വില ഉയരത്തില്‍

Monday 11 December 2017 2:45 am IST

മലപ്പുറം: പച്ചത്തേങ്ങയ്ക്ക് വിപണിയില്‍ വില കുത്തനെ ഉയര്‍ന്നു. കിലോയ്ക്ക് 55 രൂപ വരെയാണ് ചില്ലറ വിപണിയിലെ വില. ഉത്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. എന്നാല്‍ വിലവര്‍ദ്ധനയുടെ നേട്ടം ലഭിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

ലഭ്യത കുറഞ്ഞതോടെ പല കടകളിലും തേങ്ങ കിട്ടാനില്ല. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തുണ്ടായ കടുത്ത ചൂടാണ് തേങ്ങ ഉല്‍പ്പാദനം കുറയാന്‍ കാരണം. മഴ കുറഞ്ഞതോടെ കേരളത്തിലെ നാളികേര ഉത്പാദനം 40 ശതമാനത്തോളം കുറവ് വന്നിട്ടുണ്ട്.

തേങ്ങ ഉത്പാദനത്തിന്റെ പ്രധാന കേന്ദ്രമായ കോഴിക്കോട്ട് പച്ചത്തേങ്ങയുടെ മൊത്ത വില കിലോയ്ക്ക് 45 രൂപ വരെയാണ്. ചില്ലറ വിപണിയിലെത്തുമ്പോള്‍ വില 55 രൂപ വരെയായി ഉയരും. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഒരു കിലോ തേങ്ങയ്ക്ക് വില 25 മുതല്‍ 30 രൂപ വരെ മാത്രമായിരുന്നു. തേങ്ങ വില ഉയര്‍ന്നതോടെ വെളിച്ചെണ്ണ വില കിലോക്ക് 230-240 രൂപ വരെയാണ്. വില ഉയര്‍ന്നത് വ്യാജ വെളിച്ചെണ്ണയുടെ വരവ് വര്‍ദ്ധിക്കുമെന്ന് ആശങ്കയുണ്ട്.