ഫ്‌ളാഷ്‌മോബ്: മുസ്ലിങ്ങളെ കിട്ടിയില്ല; മറ്റ് മതസ്ഥരെ തട്ടമിട്ടിറക്കി എസ്എഫ്‌ഐ

Monday 11 December 2017 2:30 am IST

ഐഎഫ്എഫ്‌കെയില്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ച വിദ്യാര്‍ത്ഥിനികള്‍

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഫ്‌ളാഷ് മോബ് അവതരിപ്പിക്കാന്‍ തട്ടമിട്ട മുസ്ലിം കുട്ടികളെ അണിനിരത്താനാകാതെ എസ്എഫ്‌ഐ. ഒടുവില്‍ മറ്റ് മതസ്ഥരെ രഹസ്യമായി തട്ടമിടീച്ച് ഇറക്കി ഫ്‌ളാഷ്‌മോബ് കൊഴുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കള്ളിവെളിച്ചെത്തായി. നവസാമൂഹ്യമാധ്യമങ്ങളിലൂടെ ഈ ആള്‍മാറാട്ടം പുറത്തുവന്നതോടെ എസ്എഫ്‌ഐ നാണം കെട്ടു.

മലപ്പുറത്ത് തട്ടമിട്ട് മുസ്ലിം വിദ്യാര്‍ഥികള്‍ നൃത്തംചവിട്ടിയതിനെതിരെ രംഗത്തുവന്നവര്‍ക്ക് തിരുവനന്തപുരത്ത് ഫ്‌ളാഷ്‌മോബിലൂടെ മറുപടിനല്‍കുകയായിരുന്നു ലക്ഷ്യം. പക്ഷേ തുറന്ന വേദിയില്‍ പരസ്യമായി സ്വസമുദായത്തിനെതിരെ പ്രതിഷേധിക്കാന്‍ എസ്എഫ്‌ഐയിലെ മുസ്ലിം വിദ്യാര്‍ഥിനികള്‍ തയ്യാറായില്ല. ഇതോടെ എസ്എഫ്‌ഐ പരുങ്ങലിലായി. ഐഎഫ്എഫ്‌കെയില്‍ സമകാലിക വിഷയമുയര്‍ത്തി എങ്ങനെ ഫ്‌ളാഷ്‌മോബ് സംഘടിപ്പിക്കുമെന്നാലോചിച്ച് കുട്ടി സഖാക്കളുടെ തലപുകഞ്ഞു.

തലമൂത്ത സഖാക്കള്‍ കന്യാകുമാരി മുതല്‍ കാസര്‍കോടുവരെയുള്ള മുസ്ലിം വിദ്യാര്‍ഥിനികളുമായി ബന്ധപ്പെട്ടു. നിരാശയായിരുന്നു ഫലം. ഒടുവില്‍ ആള്‍മാറാട്ടത്തിലൂടെ പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാമെന്ന് തീരുമാനിച്ചു.

അമുസ്ലിം വിദ്യാര്‍ഥിനികളെ തട്ടമിടീച്ച് പ്രധാനവേദിയായ ടാഗൂര്‍ തിയേറ്ററിന് പുറത്ത് എസ്എഫ്‌ഐ ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ചു. തൊട്ടുപിന്നാലെ സാമൂഹ്യമാധ്യമങ്ങള്‍ ഇതിനു പുറകിലെ സത്യാവസ്ഥ നിരത്തി എസ്എഫ്‌ഐയെ പ്രതിക്കൂട്ടിലാക്കി. പരിപാടി കഴിഞ്ഞതും ദൃശ്യമാധ്യമങ്ങള്‍ പ്രതികരണം തേടി തട്ടമിട്ട കുട്ടികളെ സമീപിച്ചതോടെയാണ് കള്ളത്തരം പുറംലോകം അറിഞ്ഞത്.

പേരുചോദിച്ച മാധ്യമപ്രവര്‍ത്തകരോട് വിദ്യാര്‍ഥിനികള്‍ പേരുകള്‍ പറഞ്ഞതോടെ എസ്എഫ്‌ഐ അക്ഷരാര്‍ഥത്തില്‍ നാണംകെട്ടു. എന്നാലിത് ദൃശ്യമാധ്യമങ്ങള്‍ ബോധപൂര്‍വം മുക്കി. പക്ഷേ ഈ പ്രതികരണങ്ങള്‍ മറ്റുള്ളവര്‍ ക്യാമറയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഇത് സമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യപ്പെട്ടതോടെ എസ്എഫ്‌ഐക്ക് മറുപടി മുട്ടി.

അതേസമയം കേരളാ ഫ്രീ തിങ്കേഴ്‌സ്‌ഫോറം ടാഗോര്‍ തീയറ്ററിന് മുന്നില്‍ തട്ടമിട്ട മുസ്ലിം കുട്ടികളെ അണിനിരത്തി ഫ്‌ളാഷ്‌മോബ് നടത്തുകയും ചെയ്തു.