മൊബൈല്‍ യൂണിറ്റുകള്‍ കട്ടപ്പുറത്ത്; ലക്ഷങ്ങളുടെ നഷ്ടം

Sunday 10 December 2017 10:03 pm IST

കോഴിക്കോട്: ലക്ഷങ്ങള്‍ ചെലവഴിച്ച് വാങ്ങിച്ച ആധുനിക മൊബൈല്‍ ലാബുകള്‍ പ്രവര്‍ത്തനരഹിതമായി.
ഇടതുസര്‍ക്കാര്‍ മദ്യത്തിന്റെ ഗുണനിലവാരം നിര്‍ണയിക്കുന്നതിനായി വാങ്ങിയ അത്യാധുനിക മൊബൈല്‍ ലബോറട്ടറികളാണ് പലയിടങ്ങളിലായി കട്ടപ്പുറത്ത് കിടക്കുന്നത്. ആവിശ്യത്തിനുള്ള ജീവനക്കാരെ നിയമിക്കാത്തത് കാരണമാണ് പദ്ധതി അവതാളത്തിലായത്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം,മേഖലകള്‍ക്കായി വാങ്ങിയ മൂന്നു വാഹനങ്ങളാണ് ഉപയോഗരഹിതമായിരിക്കുന്നത്.ഒരു മൊബൈല്‍ യൂണിറ്റിന് നാല്‍പത് ലക്ഷത്തോളം രൂപയാണ് ചെലവ് വന്നത്.
ഇടതു സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ചാണ് എക്‌സൈസ് വകുപ്പിന്റെ മുഖഛായമാറ്റാനുതകുന്ന തീരുമാനമെന്ന നിലയില്‍ മൊബൈല്‍ ലബോറട്ടറികള്‍ വാങ്ങിക്കാന്‍ തീരുമാനമായത്. കള്ളിന്റെയും വിദേശമദ്യത്തിന്റെയും ഗുണനിലവാരം നിശ്ചയിക്കാന്‍ സ്ഥാപനത്തിലെത്തി സാംപിള്‍ ശേഖരിച്ച് പരിശോധന നടത്തുന്നതിനാണ് മൊബൈല്‍ ലാബുകള്‍ വാങ്ങിയത്. ഉടന്‍ തന്നെ പരിശോധനാ ഫലംനല്‍കുമെന്നായിരുന്നു പ്രഖ്യാപനം
കോഴിക്കോട്ട് റീജ്യനല്‍ കെമിക്കല്‍ ലാബിലാണ് നിലവില്‍ പരിശോധന നടത്തുന്നത്. ഇതിന് കാലതാമസം വരുമെന്നതിനാലാണ് പുതിയ പരീക്ഷണം ആരംഭിച്ചത്. എന്നാല്‍ പുതിയപദ്ധതി തുടക്കത്തില്‍ തന്നെ താളം തെറ്റി. അസിസ്റ്റന്റ് കെമിക്കല്‍ എക്‌സാമിനര്‍ ഉള്‍പ്പെടെ ജീവനക്കാരെ ഇതുവരെ നിയമിച്ചിട്ടില്ല, മൊബൈല്‍ലാബ്പരിശോധനയില്‍ പരാതിയുണ്ടെങ്കില്‍ സാംപിള്‍ വീണ്ടും റീജനല്‍ അനലറ്റിക്കല്‍ ലാബില്‍ പരിശോധന നടത്തണമെന്നുള്ള സര്‍ക്കാര്‍ ഉത്തരവും പദ്ധതിയെ അപ്രായോഗികമാക്കി. ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ലാബ് കൊണ്ട് ഒരു ഗുണവുമില്ലാത്ത സ്ഥിതിയാണിന്ന്.
എക്‌സൈസ് ഓഫിസുകള്‍ക്ക് മുന്നില്‍ നിശ്ചലമായി കിടക്കുന്ന മൊബൈല്‍ യൂണിറ്റുകള്‍ എക്‌സൈസ് വകുപ്പിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും കെടുകാര്യസ്തതയ്ക്ക് ഉദാഹരണമായി കിടക്കുകയാണ്.