ഗുരുവായൂരില്‍ ആനകള്‍ ഇടഞ്ഞു; കുത്തേറ്റ പാപ്പാന്‍ മരിച്ചു

Monday 11 December 2017 2:45 am IST

പാപ്പാന്‍ സുഭാഷ്

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലിക്കിടെ ആനകള്‍ ഇടഞ്ഞു. നെഞ്ചില്‍ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ പാപ്പാന്‍ സുഭാഷ് മരിച്ചു. പെരിങ്ങോട് കോതച്ചിറ വെളുത്തേടത്ത് സുഭാഷ് (37) ആണ് ആശുപത്രിയില്‍ മരിച്ചത്. മറ്റു 11 പേര്‍ക്ക് പരിക്കേറ്റു.

ഗുരുവായൂര്‍ ക്യാപിറ്റല്‍ സഫറോണില്‍ താമസിക്കുന്ന ദേവകി (67), കണ്ണൂര്‍ കോട്ടപ്പുറം സ്വദേശി പതിനൊന്നു വയസുള്ള ഋഷികേശ് എന്നിവര്‍ അമല ആശുപത്രിയില്‍ ചികിത്സയിലാണ്. ദേവകിക്ക് എല്ലിന് പൊട്ടല്‍ ഉണ്ട് . നിസാര പരിക്കേറ്റ വിദ്യ (26), പവിഴം (51), മുരളി (64) വിജയലക്ഷ്മി, ദാസ് (7), ജനാര്‍ദ്ദനന്‍ (50), പ്രസന്നന്‍ (50), ഗാഥ (7 )എന്നിവരെ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. ശ്രീകൃഷ്ണന്റെ രണ്ടാം പാപ്പാനായി അടുത്തിടെയാണ് സുഭാഷ് ജോലിക്കെത്തിയത്. ദേവസ്വത്തിലെ മുന്‍ ആന പാപ്പാന്‍ പരേതനായ വടക്കെ കോതച്ചിറ വെളുത്തേടത്ത് രാമന്‍ നായര്‍ ആണ് അച്ഛന്‍, അമ്മ പരേതയായ നാണിക്കുട്ടിയമ്മ, രതീഷ്, സുന്ദരന്‍, ലത, വിജയലക്ഷ്മി, രമണി എന്നിവര്‍ സഹോദരങ്ങളാണ്.

രാവിലെ ശീവേലിക്കിടെയാണ് സംഭവം ഉണ്ടായത്. രണ്ടാമത്തെ പ്രദിക്ഷണം അയ്യപ്പ ക്ഷേത്രത്തിന് സമീപം എത്തിയപ്പോള്‍ ശ്രീകൃഷ്ണന്‍ എന്ന ആന പെട്ടെന്ന് പാപ്പാനെ ആക്രമിക്കുയായിരുന്നു. തുടര്‍ന്ന് ശ്രീകൃഷ്ണന്‍ ക്ഷേത്ര കലവറയിലേക്ക് ഓടികയറി. കലവറയില്‍ കുടുങ്ങിയ ആനയെ അവിടെ വച്ച് തളച്ചു പുറത്തേക്ക് കൊണ്ടുപോയി. ഇതിനിടയില്‍ അവിടെ ഉണ്ടായിരുന്ന പച്ചക്കറികളും പലചരക്കും ആന നശിപ്പിച്ചു. ശ്രീകൃഷ്ണന്‍ ഇടഞ്ഞത് കണ്ട് ഭഗവാന്റെ തിടമ്പ് ഏറ്റിയ ഗോപീകണ്ണനും, പറ്റാനയായ രവികൃഷ്ണയും ഓടി. രവികൃഷണയെ പെട്ടെന്ന് തന്നെ തളച്ചു. തിടമ്പ് പിടിച്ച് ഇരിക്കുകയായിരുന്ന കീഴ്ശാന്തി മേലേടത്ത് ഹരി നമ്പൂതിരി ഭഗവതി ക്ഷേത്രത്തിന് സമീപം വച്ച് ആനപുറത്ത് നിന്ന് ചാടി രക്ഷപ്പെട്ടു.

തുടര്‍ന്ന് ഗോപീകണ്ണന്‍ ഭഗവതി ക്ഷേത്രം വലംവച്ച് ഭഗവതി കെട്ടിലെ ചെറിയ വാതില്‍ വഴി പുറത്തേക്ക് ഓടി. കിഴക്കെനടയിലെ കംഫര്‍ട്ട് സ്റ്റേഷന് സമീപം വച്ച് ഗോപീകണ്ണനെ തളച്ചു. ആനകള്‍ വരുന്നത് കണ്ട് ജനം പരക്കം പാഞ്ഞു പലരും ക്ഷേത്രക്കുളത്തിലേക്ക് എടുത്ത് ചാടി. സ്ഥിരം പ്രശന്ക്കാരന്‍ ആയ ശ്രീകൃഷ്ണനെ തിരക്ക് ഉള്ള ദിവസം തന്നെ എഴുന്നെള്ളിപ്പിനു കൊണ്ടു വന്ന ജീവധന വിഭാഗം ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് ഇത്ര വലിയ അപകടം വരുത്തി വച്ചതെന്ന് ഒരു വിഭാഗം ക്ഷേത്ര ജീവനക്കാര്‍ ആരോപിച്ചു.