യുപിയിൽ ഫ്രഞ്ച് ടൂറിസ്റ്റുകളെ ആക്രമിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു

Monday 11 December 2017 2:05 pm IST

മിര്‍സാപൂര്‍: മിര്‍സാപൂരില്‍ ഫ്രഞ്ച് ടൂറിസ്റ്റ് സംഘത്തെ ആക്രമിച്ച സംഭവത്തില്‍ എട്ട് പേര്‍ അറസ്റ്റില്‍. മിര്‍സാപൂരിലെ ലഖാനിയ ദാരി വെള്ളചാട്ടത്തിന് സമീപത്തുവെച്ചായിരുന്നു ആക്രമണം. എട്ടംഗ സംഘത്തിന് നേര്‍ക്കായിരുന്നു ആക്രമണം. സംഘത്തിലുണ്ടായിരുന്ന വരാണസി സ്വദേശിനിയായ സ്ത്രീയെ അക്രമികള്‍ മാനഭംഗപ്പെടുത്തുകയും ചെയ്തു.

ആദ്യം അക്രമികള്‍ സ്ത്രീക്കൊപ്പമുണ്ടായിരുന്ന ഫ്രഞ്ച് ടൂറിസ്റ്റുകളെ ആക്രമിക്കുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ഇതോടെ ടൂറിസ്റ്റുകള്‍ക്കൊപ്പമുണ്ടായ സ്ത്രീ വിഷയത്തില്‍ ഇടപെടുകയായിരുന്നു. തുടര്‍ന്നാണ് അക്രമികള്‍ സ്ത്രീക്കെതിരെ തിരിഞ്ഞത്. മാനഭംഗത്തിനിരയായ സ്ത്രീ ആശുപത്രിയില്‍ ചികില്‍സയിലാണ്.

തങ്ങളെ അപമാനിക്കാന്‍ ശ്രമിച്ച പ്രതികള്‍ വടികൊണ്ട് ആക്രമിച്ചുവെന്ന് സംഘത്തിലുണ്ടായിരുന്ന ഒരു ടൂറിസ്റ്റ് മൊഴി നല്‍കിയിട്ടുണ്ട്. ടൂറിസ്റ്റുകളില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു.