ഭാരതത്തെ ഉപദേശിക്കാൻ പാക്കിസ്ഥാൻ മുതിരരുത്

Monday 11 December 2017 3:08 pm IST

ന്യൂദൽഹി: ഭാരതത്തെ ഉപദേശിക്കാൻ പാക്കിസ്ഥാൻ തുനിയേണ്ട ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പാക്കിസ്ഥാൻ നൽകിയ മറുപടിയിൽ പ്രതിഷേധിച്ചാണ് അദ്ദേഹം ഇത്തരത്തിൽ വിമർശനം നടത്തിയത്.

ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് നേതാക്കൾ പാക്കിസ്ഥാനുമായി നടത്തിയ രഹസ്യ ഇടപാടുകളെക്കുറിച്ച് മോദി തന്റെ റാലികളിൽ എടുത്തുകാട്ടിയിരുന്നു. ഇതിനെ വിമർശിച്ച് പാക്കിസ്ഥാൻ രംഗത്തെത്തി. തെരഞ്ഞെടുപ്പ് നടക്കുമ്പോൾ പാക്കിസ്ഥാനെ അനാവശ്യമായി പ്രശ്നങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് പാക്ക് വിദേശകാര്യമന്ത്രാലയം പറഞ്ഞിരുന്നു.

എന്നാൽ ഇന്ത്യയെ ഉപദേശിക്കേണ്ടതില്ലെന്നും പാക്കിസ്ഥാന്റെ ഉപദേശങ്ങൾ ഇന്ത്യയ്ക്ക് ആവശ്യമില്ലെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ പാക്കിസ്ഥാൻ ഇട്പെടേണ്ട കാര്യമില്ല. തങ്ങളുടെ ജനാധിപത്യം അത്രയ്ക്ക് ശക്തമാണ്, അതിൽ തങ്ങൾ അഭിമാനിക്കുന്നു- രവിശങ്കർ പ്രസാദ് പറഞ്ഞു.

ഇന്ത്യൻ മണ്ണിൽ പാക്കിസ്ഥാൻ നടപ്പിലാക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ച് എല്ലാവർക്കും നന്നായി അറിയാവുന്ന കാര്യമാണെന്നും രവിശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു.