എസ്ബിഐ ഐഎഫ്എസ്‌സി കോഡുകള്‍ മാറുന്നു

Monday 11 December 2017 5:48 pm IST

ന്യൂദല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ലയനത്തിനു ശേഷം വലിയ മാറ്റങ്ങള്‍ കൊണ്ടു വരുന്നു. ഇതിന്റെ ഭാഗമായി 1,300 ബ്രാഞ്ചുകളുടെ ഐഎഫ്എസ്‌സി കോഡില്‍ മാറ്റം വരും.ചില ബ്രാഞ്ചുകളുടെ പേരും മാറിയിട്ടുണ്ട്.

എസ്ബിടി അടക്കം എസ്ബിഐയുടെ അസോസിയേറ്റഡ് ബാങ്കുകളായി പ്രവര്‍ത്തിച്ചിരുന്നവയാണ് എസ്ബിഐയുമായി ലയിപ്പിച്ചത്. ലയനം കഴിഞ്ഞ് ഐഎഫ്എസ്‌സി കോഡ് മാറ്റേണ്ടത് നിര്‍ണ്ണായകമാണെന്ന് എസ്ബിഐ മാനേജിംഗ് ഡയറക്ടര്‍ പ്രവീണ്‍ ഗുപ്ത പറഞ്ഞു.

പുതുക്കിയ ഐഎഫ്എസ്‌സി കോഡും ബ്രാഞ്ചിന്റെ പേരും എസ്ബിഐ യുടെ വെബ് സൈറ്റില്‍ ലഭ്യമാണ്. എസ്ബിഐക്ക് ഇപ്പോള്‍ രാജ്യത്തൊട്ടാകെ 23000 ബ്രാഞ്ചുകളാണ് ഉള്ളത്. എസ്ബിടി അടക്കം അഞ്ച് സ്‌റ്റേറ്റ് ബാങ്കുകളാണ് ലയിപ്പിച്ചത്. പേരും ഐഎഫ്എസ്‌സി കോഡും മാറുന്നത് ഉപഭോക്താക്കള്‍ക്ക് ഒരു പ്രശ്‌നവും ഉണ്ടാക്കില്ലെന്ന് എംഡി പറഞ്ഞു.