കുടുംബവാഴ്ചയുടെ കോണ്‍ഗ്രസ്

Tuesday 12 December 2017 2:45 am IST

രാഷ്ട്രീയത്തില്‍ കുടുംബവാഴ്ച കീഴ്‌വഴക്കമാക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ഗാന്ധിയെ വാഴിച്ചിരിക്കുന്നത്. രാഹുല്‍ഗാന്ധിക്ക് ഒരു എതിര്‍സ്ഥാനാര്‍ത്ഥിയുണ്ടാവുമെന്ന് ആരും സംശയിച്ചിട്ടില്ല. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് ഷെഹ്‌സാദ് പൂനാവാല ഈ തെരഞ്ഞെടുപ്പിനെതിരെ ചില പ്രതിഷേങ്ങള്‍ ഉയര്‍ത്തിയിരുന്നത് ജനം ഗൗരവത്തിലെടുത്തില്ല. കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ പുലര്‍ന്നുവന്ന കുടുംബവാഴ്ചയുടെ തുടര്‍ച്ച ഒട്ടും അദ്ഭുതമുളവാക്കുന്നില്ല.

കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്ത് ഇരുന്ന സോണിയാ ഗാന്ധി എപ്പോഴാണ് മകന് അധികാരം കൈമാറുകയെന്ന് മാത്രമാണ് അറിയാനുണ്ടായിരുന്നത്. ദീര്‍ഘകാലമായി കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റായി തുടരുകയായിരുന്നു രാഹുല്‍ ഗാന്ധി. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് ഭരണഘടനയനുസരിച്ച് ഉപാധ്യക്ഷന്‍ എന്ന തസ്തികതന്നെയില്ല. കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആരെങ്കിലുമൊരാള്‍ രാഹുല്‍ ഗാന്ധിയുടെ വൈസ്പ്രസിഡന്റ് പദവിയെ ചോദ്യംചെയ്യേണ്ടതായിരുന്നു.

മോത്തിലാല്‍ നെഹ്‌റുവിന്റെ കാലംമുതല്‍ക്കുതന്നെ ഒളിഞ്ഞും തെളിഞ്ഞും കോണ്‍ഗ്രസില്‍ നെഹ്‌റു കുടുംബത്തിന്റെ വാഴ്ചയ്ക്ക് കളമൊരുങ്ങിയിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഒരു പ്രസംഗത്തിന്റെ പേരില്‍ അദ്ദേഹം അറസ്റ്റുചെയ്യപ്പെട്ടു. അന്ന് ആ പ്രസംഗം ആവര്‍ത്തിച്ച് അറസ്റ്റ് വരിക്കാനായിരുന്നു പിതാവ് മോത്തിലാല്‍ നെഹ്‌റു നല്‍കിയ ആഹ്വാനം. ഭംഗ്യന്തരേണ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വം സ്ഥാപിച്ചെടുക്കുകയാണ് മോത്തിലാല്‍ ചെയ്തത്. രാഷ്ട്രീയത്തിലെ ഒരു കുതന്ത്രമെന്ന നിലയ്ക്ക് മോത്തിലാല്‍ ഇത് ചെയ്തതായിരിക്കണമെന്നില്ല. മകനോടുള്ള വാത്‌സല്യം മോത്തിലാലിനെക്കൊണ്ട് ഇങ്ങനെ ചെയ്യിച്ചതാവാം. മോത്തിലാലിന്റെ രാജ്യസ്‌നേഹം മകനോടുള്ള സ്‌നേഹത്തില്‍നിന്ന് ഉണ്ടാകുന്നതാണെന്ന് ഗാന്ധിജിതന്നെ പറഞ്ഞിട്ടുണ്ട്.

ജവഹര്‍ലാല്‍ നെഹ്‌റുവിനെ കോണ്‍ഗ്രസ് പ്രസിഡന്റാക്കണമെന്ന് ഒരു മറയുംകൂടാതെ മോത്തിലാല്‍ നെഹ്‌റു ഗാന്ധിജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രായമായിട്ടില്ലെന്ന് പറഞ്ഞ് ഒരിക്കല്‍ ഗാന്ധിജി ഇതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. പിന്നീട് കോണ്‍ഗ്രസില്‍ ഗാന്ധിജിയുടെ അക്രമരഹിതമായ സമരമാര്‍ഗങ്ങളോട് യോജിക്കാത്തവര്‍ ശക്തിപ്രാപിച്ച ഘട്ടത്തിലാണ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ കോണ്‍ഗ്രസ് പ്രസിഡന്റാക്കാന്‍ ഗാന്ധിജി സമ്മതം മൂളുന്നത്. പുറമേക്ക് ഒരു തീവ്രവാദിയെന്ന തോന്നലുണ്ടാക്കുന്നയാളായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു. പക്ഷേ, അദ്ദേഹം ഒരിക്കലും ഹിംസാ പ്രയോഗത്തെ കൈക്കൊണ്ടിട്ടില്ല. നെഹ്‌റു എത്ര തീവ്രമായി എന്തൊക്കെ പറഞ്ഞാലും ഒടുവില്‍ ഗാന്ധിജിയുടെ മാര്‍ഗം അവലംബിക്കുന്നവര്‍ക്കൊപ്പമാണ് നിലകൊണ്ടിട്ടുള്ളത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലെ ഭൂരിപക്ഷത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രമേയമെഴുതാന്‍ ചുമതലപ്പെടുത്തിയാല്‍ ജവഹര്‍ലാല്‍ നെഹ്‌റു സംതൃപ്തനാകും. ഇങ്ങനെ സുഭാഷ്ചന്ദ്ര ബോസ്, നെഹ്‌റുവിനെ പരിഹസിച്ചിട്ടുണ്ട്. അവസാനം സ്വാതന്ത്ര്യപ്പുലരിയില്‍ ബഹുഭൂരിപക്ഷം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളും പ്രധാനമന്ത്രിസ്ഥാനത്തേക്ക് സര്‍ദാര്‍ പട്ടേലിനെയാണ് പിന്തുണച്ചത്. പക്ഷേ ഗാന്ധിജിയുടെ പിന്തുണ ജവഹര്‍ലാല്‍ നെഹ്‌റുവിനായിരുന്നു. അങ്ങനെയാണ് ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയാവുന്നത്.

തന്റെ കുടുംബവാഴ്ച തുടരുന്നതില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനും താല്‍പര്യമുണ്ടായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഇന്ദിരാഗാന്ധിയെ കോണ്‍ഗ്രസ് പ്രസിഡന്റായി നിയോഗിക്കുന്നത് അങ്ങനെയാണ്. പ്രവര്‍ത്തകസമിതിയില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നപ്പോള്‍ ഇന്ദിരാഗാന്ധിക്ക് ആരോഗ്യപ്രശ്‌നമുണ്ടല്ലോ എന്ന് പണ്ഡിറ്റ് ജി. ബി. പന്ത് പറയുകയുണ്ടായി. ആരാണ് പറഞ്ഞത്,ഇന്ദിരയ്ക്ക് ഒരു കുഴപ്പവുമില്ലെന്ന് നെഹ്‌റു ഇടക്കുകയറി പറഞ്ഞുവെന്ന് പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ ദുര്‍ഗാദാസ് രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോള്‍തന്നെ നെഹ്‌റുവിന്റെ ഇംഗിതം എല്ലാവര്‍ക്കും മനസ്സിലായിരുന്നു.

അടിയന്തരാവസ്ഥക്കുശേഷം ഇന്ദിരാഗാന്ധി വീണ്ടും പ്രധാനമന്ത്രിയായപ്പോള്‍ സഞ്ജയ് ഗാന്ധിയെ പിന്തുര്‍ച്ചാവകാശിയാക്കുമെന്ന് ഉറപ്പായിരുന്നു. അടിയന്തരാവസ്ഥയില്‍തന്നെ സര്‍വാധിപതിയായ ഇന്ദിരാഗാന്ധി ഇതിന് തയ്യാറെടുത്തു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് സോവിയറ്റ് യൂണിയന്റെ പിന്തുണയോടെയാണെന്ന് അന്നേതന്നെ അഭിപ്രായമുണ്ടായിരുന്നു. ഇത് ശരിയാണെങ്കിലും അല്ലെങ്കിലും, അടിയന്തരാവസ്ഥയുടെ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസുകാരെക്കാള്‍ സിപിഐക്കാര്‍ ഇന്ദിരാഭക്തരായി മാറിയിരുന്നു. സിപിഐയുടെ സെക്രട്ടറിയായിരുന്ന എസ്. കുമാരന്‍ ഈ ലേഖകനോട് പറഞ്ഞത് അനുസ്മരണീയമാണ്. എത്ര പട്ടാളക്കാരെ വേണമെങ്കിലും ഇന്ദിരാഗാന്ധിയുടെ സഹായത്തിനായി നല്‍കാമെന്ന് സോവിയറ്റ് യൂണിയന്റെ പ്രസിഡന്റായിരുന്ന ബ്രഷ്‌നേവ് ഉറപ്പുകൊടുത്തിട്ടുണ്ടെന്നും കുമാരന്‍ പറയുകയുണ്ടായി. മാത്രമല്ല,

കമ്യൂണിസ്റ്റുകാര്‍ക്ക് ഇന്ദിരാഗാന്ധിയിലുള്ള സ്വാധീനത്തിന് തടയിടാനാണ് ചില കോണ്‍ഗ്രസുകാര്‍ സഞ്ജയ് ഗാന്ധിയെ ഉയര്‍ത്തിക്കൊണ്ടുവന്നതെന്നും ഒരു പക്ഷമുണ്ട്. അതെന്തായാലും, ഇന്ദിരാഗാന്ധിയുടെ ഇരുപതിന പരിപാടിക്കൊപ്പം സഞ്ജയ്ഗാന്ധിയുടെ അഞ്ചിന പരിപാടിയും കോണ്‍ഗ്രസുകാര്‍ പ്രചരിപ്പിച്ചിരുന്നു. സര്‍ക്കാര്‍ ചെലവിലും അല്ലാതെയും ഈ പ്രചാരണമുണ്ടായി.
നിര്‍ഭാഗ്യകരമായ സാഹചര്യത്തില്‍ ഇന്ദിരാഗാന്ധി മരിച്ചപ്പോള്‍ രാജീവ്ഗാന്ധിക്ക് അധികാരം കൈമാറിക്കിട്ടി. ഇന്ദിരാഗാന്ധിയുടെ വിശ്വസ്ത ദാസനായിരുന്ന രാഷ്ട്രപതി സെയില്‍സിങ് പ്രധാനമന്ത്രിയായി രാജീവ്ഗാന്ധിയെ സത്യപ്രതിജ്ഞ ചെയ്യിക്കുകയായിരുന്നു.

മുന്‍പ് ഇതേപോലുള്ള സന്ദര്‍ഭത്തില്‍ ഏറ്റവും സീനിയറായിരുന്ന ഗുല്‍സാരിലാല്‍ നന്ദയെയാണ് ഇടക്കാല പ്രധാനമന്ത്രിയാക്കിയത്. ആ കീഴ്‌വഴക്കമനുസരിച്ച് പ്രണബ്കുമാര്‍ മുഖര്‍ജി ഇടക്കാല പ്രധാനമന്ത്രിയാവേണ്ടതായിരുന്നു. പക്ഷേ കുടുംബവാഴ്ച അംഗീകരിച്ചുകഴിഞ്ഞിരുന്ന കോണ്‍ഗ്രസുകാര്‍ രാജീവ്ഗാന്ധിയെ പ്രധാനമന്ത്രിയാക്കുന്നതിനെ അനുകൂലിച്ചു. കോണ്‍ഗ്രസില്‍ കീഴ്‌വഴക്കമാകുന്ന കുടുംബവാഴ്ച പിന്നീട് മറ്റ് രാഷ്ട്രീയകക്ഷികളിലേക്കും വ്യാപിച്ചു. ഇപ്പോള്‍ രാഹുല്‍ ഗാന്ധി തന്റെ സ്ഥാനാരോഹണം ന്യായീകരിക്കാനായി സ്വയം അത് ചൂണ്ടിക്കാണിക്കുന്നുണ്ട്.

അഴിമതിക്ക് ജയിലില്‍ പോകേണ്ടിവന്ന ബീഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ്, ഭാര്യ റാബ്രിദേവിയെയാണ് പകരക്കാരിയാക്കിയത്. സ്വന്തം പാര്‍ട്ടിയില്‍നിന്ന് ഇതിനെതിരെ ഒരു ശബ്ദവും ഉണ്ടായില്ല. ഡോ. രാംമനോഹര്‍ ലോഹ്യയുടെ ശിഷ്യന്മാരാണെന്ന് അവകാശപ്പെടുന്ന സോഷ്യലിസ്റ്റ് നേതാക്കള്‍ കുടുംബവാഴ്ച കീഴ്‌വഴക്കമായി അംഗീകരിക്കുന്നവരായി. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായപ്പോള്‍ ഏറ്റവും രൂക്ഷമായ വിമര്‍ശനം നടത്തിയയാളാണ് രാംമനോഹര്‍ ലോഹ്യ. മാധ്യമങ്ങളില്‍ എന്നും സുന്ദരമായ ഒരു മുഖം അച്ചടിച്ചുകാണാമെന്ന ഗുണം മാത്രമാണുണ്ടാവുകയെന്നാണ് ലോഹ്യ ഇന്ദിരയുടെ സ്ഥാനാരോഹണത്തെ പരിഹസിച്ചത്.

രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാവുമ്പോള്‍ സംഘടനയ്ക്ക് എന്തെങ്കിലും പുനരുജ്ജീവനമുണ്ടാവുമെന്ന് കരുതുന്നതിന് ഒരു ന്യായവുമില്ല. നെഹ്‌റു കുടുംബത്തെ ചുറ്റിപ്പറ്റിനിന്ന് സ്ഥാനമാനങ്ങള്‍ നേടാനാഗ്രഹിക്കുന്നവര്‍ മാത്രമേ ഈ പ്രചാരണം നടത്തുകയുള്ളൂ. അവര്‍ ചില മാധ്യമങ്ങളുടെ സഹായത്തോടെ ഈ പ്രചാരണം തുടരുന്നതുമായിരിക്കും. ഗുജറാത്തിെലയും ഹിമാചല്‍ പ്രദേശിലെയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ബിജെപിയെപ്പോലെതന്നെ രാഹുല്‍ഗാന്ധിക്കും നിര്‍ണായകമായിരിക്കും. ഇടക്കിടെയുള്ള രഹസ്യ വിദേശയാത്രകള്‍ രാഹുലിന്റെ വിശ്വാസ്യത വന്‍തോതില്‍ നഷ്ടപ്പെടുത്തിയിട്ടുണ്ട്. പൊതുപ്രവര്‍ത്തകര്‍ ജീവിതത്തില്‍ എക്കാലവും പുലര്‍ത്തേണ്ട ഒന്നാണ് സുതാര്യത. ഇത് രാഹുലിനില്ല.

കോണ്‍ഗ്രസിന് ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കുന്ന വിജയം ലഭിക്കുന്നില്ലെങ്കില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വം കൂടുതല്‍ കൂടുതല്‍ ചോദ്യംചെയ്യപ്പെടും. നെഹ്‌റു കുടുംബത്തിലെ നേതൃത്വമാണ് കോണ്‍ഗ്രസിന് വോട്ടുകള്‍ നേടിക്കൊടുക്കുന്നതെന്ന ഒരു തെറ്റിദ്ധാരണ ചിലര്‍ ബോധപൂര്‍വം പരത്തുന്നുണ്ട്. രാജീവ്ഗാന്ധി വധിക്കപ്പെട്ട ഘട്ടത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പോലും കോണ്‍ഗ്രസിന് ഉത്തരേന്ത്യയില്‍ വലിയ വിജയമുണ്ടായിട്ടില്ല. ഉത്തര്‍പ്രദേശില്‍ അടുത്തുനടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍പ്പോലും കോണ്‍ഗ്രസിന് പരാജയമാണുണ്ടായത്. കുടുംബവാഴ്ചകൊണ്ട് കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ പറ്റും എന്ന മിഥ്യാധാരണയില്‍നിന്ന് കോണ്‍ഗ്രസ് മുക്തമാകാത്തിടത്തോളം ആ പാര്‍ട്ടിക്ക് ഭാവിയില്ല.