ഇന്ത്യക്കാരെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ച യുഎസ് പൗരന് ടൈം മാസികയുടെ ആദരം

Tuesday 12 December 2017 2:30 am IST

ഹ്യൂസ്റ്റണ്‍: വംശീയവെറിക്ക് എതിരായ ഇയാനിന്റെ പോരാട്ടത്തിന് ടൈം മാഗസിന്റെ ആദരം. ഇന്ത്യന്‍ വംശജര്‍ക്കെതിരെ അമേരിക്കക്കാരന്‍ നടത്തിയ ആക്രമണത്തെ തടഞ്ഞ യു.എസ് വംശജനാണ് ഇയാന്‍ ഗ്രില്ലോട്ട്. ഇയാനാണ് ഇത്തവണത്തെ മാഗസിന്റെ കവര്‍സ്‌റ്റോറി. യു.എസ് 2017; പ്രതീക്ഷയുടെ അഞ്ചു മുഖങ്ങള്‍ എന്നാണ് തലക്കെട്ട്.

ഇന്ത്യന്‍ വംശജനായ ശ്രീനിവാസ് കുച്ച്ബോത്‌ല, സഹപ്രവര്‍ത്തകനായ അലോക് മദസനി എന്നിവരാണ് കന്‍സാസില്‍ ആക്രമണത്തിന് ഇരയായത്. അമേരിക്കക്കാരന്റെ ആക്രമണത്തില്‍ ശ്രീനിവാസ് മരിച്ചു. അലോകിന് ഗുരുതരമായി പരിക്കേറ്റു.

ആദം പ്യൂരിറ്റണ്‍ എന്ന അക്രമി ശ്രീനിവാസിനെയും അലോകിനെയും ഉന്നം വയ്്ക്കുന്നത് റസ്‌റ്റോറന്റില്‍ ടി.വി കാണുകയായിരുന്ന ഇയാന്‍ കണ്ടു. അക്രമി വെടിയുതിര്‍ത്തപ്പോള്‍ ഇവര്‍ക്ക് നടുവിലേക്ക് ചാടി വീണ ഇയാനാണ് മദസാനിയെ രക്ഷിച്ചത്. രക്ഷിക്കാനുള്ള ശ്രമത്തില്‍ ഇയാനിനും ഗുരുതര പരിക്കേറ്റിരുന്നു. ഭാഗ്യം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നു. മനുഷ്യത്വത്തിന്റെ മുഖമു്രദയായി മാറിയ ഇയാന്‍ അന്ന് ലോകമെങ്ങും വാര്‍ത്തയായിരുന്നു.
ഇയാനിന് ടൈം മാസികയുടെ ആദരം ലഭിച്ചിരിക്കുകയാണ്.

ആ സാഹചര്യത്തില്‍ താന്‍ അങ്ങനെ ചെയ്യാതെ ടി.വി കണ്ടുകൊണ്ടിരുന്നെങ്കില്‍ എങ്ങനെ നല്ലൊരു മനുഷ്യനാകും? ഇയാന്‍ ടൈം മാഗസിനു നല്‍കിയ അഭിമുഖത്തില്‍ ചോദിക്കുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയുടെ ഫലമായാണ് താന്‍ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിയതെന്നും ഇയാന്‍ പറഞ്ഞു.

ഈ വര്‍ഷമാദ്യം ഇന്ത്യന്‍- അമേരിക്കന്‍ കമ്മ്യൂണിറ്റി ഏര്‍പ്പെടുത്തിയ എ ട്രൂ അമേരിക്കന്‍ ഹീറോ എന്ന പുരസ്‌കാരത്തിനും അര്‍ഹനായിരുന്നു. 64, 34500 രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കി. ഈ തുകയ്ക്ക് അദ്ദേഹം തന്റെ നഗരമായ കന്‍സാസില്‍ വീടുവാങ്ങി.