കേരള കോണ്‍ഗ്രസ് മഹാസമ്മേളനം പതിവ് ചടങ്ങുകളില്‍ ഒതുങ്ങും

Tuesday 12 December 2017 2:50 am IST

കോട്ടയം: ത്രിശങ്കുവില്‍ നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ മഹാസമ്മേളനം കോട്ടയത്ത് 14 മുതല്‍ 16 വരെ. 15ന് പ്രകടനത്തിന് ശേഷം നാഗമ്പടം നെഹ്‌റു സ്‌റ്റേഡിയത്തിലാണ് പൊതുസമ്മേളനം. യുഡിഎഫില്‍ നിന്നു പുറത്തിറങ്ങി എങ്ങുമില്ലാതെ നില്‍ക്കുന്ന പാര്‍ട്ടിയില്‍ മുന്‍ മന്ത്രി കെ. എം. മാണിയുടെ മകന്‍ ജോസ് കെ. മാണിയുടെ ആധിപത്യം ഈ സമ്മേളനത്തോടെ ഉറപ്പിക്കാനുള്ള നീക്കമാണ നടക്കുന്നത്.

കെ.എം. മാണിയുടെ മകനും പാര്‍ട്ടി വൈസ് ചെയര്‍മാനുമായ ജോസ് കെ. മാണിയെ ഉയര്‍ത്തിക്കാട്ടുന്ന കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകളാല്‍ കോട്ടയം നഗരം നിറഞ്ഞുകഴിഞ്ഞു.
ശക്തമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന സമ്മേളനമായിരിക്കും നടക്കുകയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പ്രചരിപ്പിച്ചെങ്കിലും പുതിയ സാഹചര്യത്തില്‍ സമ്മേളനം പ്രത്യേക തീരുമാനങ്ങളൊന്നും കൈക്കൊള്ളാതെ നനഞ്ഞ പടക്കമായി അവസാനിക്കാനാണ് സാധ്യത. കെ. എം. മാണി, പി.ജെ. ജോസഫ് എന്നിവരുടെ നിലപാടുകള്‍ തന്നെയാണ് കാരണം.

ഒറ്റയ്ക്ക് ശക്തി തെളിയിച്ച് എല്‍ഡിഎഫിഎല്‍ ഇടം ഉറപ്പിക്കുക, ചെയര്‍മാന്‍ പദവിയിലേക്ക് മകന്‍ ജോസ് കെ. മാണിയെ അവരോധിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് മാണിയുടെ മനസ്സിലുള്ളത്. ഈ നീക്കങ്ങളെ മുളയിലേ നുള്ളുകയെന്ന നിലപാടിലാണ് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള വിഭാഗം.

സിപിഐയുടെ എതിര്‍പ്പും വി.എസ്. അച്യുതാനന്ദന്റെ അതൃപ്തിയും മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തിന് തടസമാണ്. ഒപ്പം പാര്‍ട്ടിക്കുള്ളിലും എതിര്‍പ്പുണ്ട്. മാണിയെ യുഡിഎഫില്‍ പ്രവേശിപ്പിക്കരുതെന്ന് കോട്ടയം ഡിസിസി പ്രമേയം പാസ്സാക്കിയിട്ടുണ്ട്. എങ്കിലും സാധ്യത യുഡിഎഫിലെ പുനപ്രവേശനത്തിനു തന്നെ. ഉമ്മന്‍ ചാണ്ടിയുടെയും പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും പിന്തുണ മാണിക്കുണ്ട്. പി.ജെ. ജോസഫും ഇതിനെ തുണയ്ക്കുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഏതെങ്കിലും മുന്നണിയില്‍ ഇടംപിടിക്കുകയെന്നത് കേരള കോണ്‍ഗ്രസിനെ സംബന്ധിച്ച് ആവശ്യമാണ്.

രാഷ്ട്രീയ തീരുമാനങ്ങളോ, സംഘടനാ തലപ്പത്ത് അഴിച്ചുപണികളോ ആവശ്യമില്ല, എന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. ഇത്തരം കാര്യങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ വിശദമായ ചര്‍ച്ചകള്‍ ആവശ്യമാണെന്നാണ് ജോസഫ് വിഭാഗം പറയുന്നത്. ഇത് മറികടക്കാന്‍ മാണിക്കും കഴിയുകയില്ല. മറിച്ചൊരു തീരുമാനത്തിലേക്ക് മാണി എത്തിയാല്‍ മഹാസമ്മേളന വേദി കേരള കോണ്‍ഗ്രസില്‍ മറ്റൊരു പിളര്‍പ്പുണ്ടാക്കും.