പാര്‍ട്ടി പിടിമുറുക്കി; ജയരാജനെതിരെ നീക്കം

Tuesday 12 December 2017 2:30 am IST

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനുമേല്‍ പാര്‍ട്ടി പിടിമുറുക്കി. ജയരാജനെതിരായ പാര്‍ട്ടി സെക്രട്ടേറിയറ്റിന്റെ വിമര്‍ശനം മുഴുവന്‍ ജില്ലാ കമ്മറ്റികളിലും റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം. ജയരാജന്‍ പാര്‍ട്ടിക്കുളളില്‍ സ്വയം മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന കണ്ടെത്തലാണ് മുഴുവന്‍ ജില്ലാ കമ്മറ്റികളിലും റിപ്പോര്‍ട്ട് ചെയ്യുക. ഇതുസംബന്ധിച്ച കുറിപ്പ് ജില്ലാ കമ്മറ്റികള്‍ക്ക് കൈമാറി.

രണ്ടാഴ്ചയ്ക്കുളളില്‍ എല്ലാ ജില്ലാ കമ്മറ്റികളിലും ഇത് റിപ്പോര്‍ട്ട് ചെയ്യും. കണ്ണൂര്‍ ജില്ലാ കമ്മറ്റിക്ക് താഴെയുള്ള കീഴ്ഘടകങ്ങളിലും ഏരിയാ സമ്മേളനങ്ങള്‍ അവസാനിക്കുന്ന മുറയ്ക്ക് ജയരാജനെതിരായ നടപടി സംബന്ധിച്ച് റിപ്പോര്‍ട്ടിംഗ് നടത്താനും തീരുമാനിച്ചു. ജയരാജന്റെ നടപടികളെ സംസ്ഥാന സെക്രട്ടേറിയറ്റ് വിമര്‍ശിച്ച സമയത്തുതന്നെ തീരുമാനം കണ്ണൂരിലെ ഏരിയാ കമ്മറ്റികളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ജയരാജന് ഭൂരിപക്ഷമുളള കണ്ണൂര്‍ ജില്ലയില്‍ ഏരിയാ കമ്മിറ്റികളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചു.

ജില്ലാ സമ്മേളനം നടക്കാനിരിക്കെ ജയരാജന്‍ മൂന്നാംതവണയും സെക്രട്ടറിയാകാതിരിക്കാന്‍ കണ്ണൂരില്‍ നിന്നുളള ചില സെക്രട്ടേറിയറ്റ് അംഗങ്ങളും സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നടത്തിയ നീക്കത്തിന്റെ ഭാഗമാണ് പുതിയ തീരുമാനമെന്നാണ് സൂചന.