അമീറുള്‍ കുറ്റക്കാരന്‍; ശിക്ഷ ഇന്ന്

Tuesday 12 December 2017 11:16 am IST

കൊച്ചി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥി ജിഷയെ ലൈംഗിക പീഡനത്തിനിരയാക്കി ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഏക പ്രതി അസം സ്വദേശി അമീറുള്‍ ഇസ്ലാം കുറ്റക്കാരന്‍. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ശിക്ഷ ഇന്ന് രാവിലെ 11ന് പ്രഖ്യാപിക്കും.

അന്വേഷണ സംഘം ഹാജരാക്കിയ ഡിഎന്‍എ ഫലങ്ങളുടേയും 10 സുപ്രധാനതെളിവുകളുടെയും അടിസ്ഥാനത്തിലാണ് വിധി. വീട്ടില്‍ അതിക്രമിച്ചു കയറല്‍, മാനഭംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ ചെയ്തത് അമീറാണെന്ന് കോടതി കണ്ടെത്തി. ഇന്ത്യന്‍ ശിക്ഷാ നിയമം 449, 342, 376, 376 എ, 302 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിക്കുക. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍. അനില്‍കുമാറാണ് വിധി പ്രസ്താവിച്ചത്. പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പില്‍ കഴിഞ്ഞിരുന്ന അസം സ്വദേശി അമീറുല്‍ ഇസ്ലാം വീട്ടില്‍ അതിക്രമിച്ചു കയറി ജിഷയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.

ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കിയാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ജിഷയുടെ വസ്ത്രത്തില്‍ നിന്നും ലഭിച്ച അമീറുള്‍ ഇസ്ലാമിന്റെ ഉമിനീര്‍, കത്തിയില്‍ നിന്നും ലഭിച്ച രക്തം, ജിഷയുടെ വീട്ടിലെ വാതിലിലുണ്ടായിരുന്ന രക്തം, കട്ടിലിലുണ്ടായിരുന്ന രക്തം, അമീറുളിന്റെ വിരലടയാളം എന്നിവയാണവ. ഡിഎന്‍എ ഫലമാണ് കേസില്‍ നിര്‍ണ്ണായകമായത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ തെളിയിച്ച ആദ്യ കേസ് കൂടിയായിരിക്കും ഇത്.

2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ കനാല്‍ ബണ്ട് പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടില്‍ ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആറ് മാസത്തോളം കേസില്‍ രഹസ്യവിചാരണ നടന്നു. അന്തിമ വാദം നവംബര്‍ 21നാണ് ആരംഭിച്ചത്. 195 സാക്ഷികളുണ്ട്. 125 രേഖകളും 75 തൊണ്ടിസാധനങ്ങളും അടങ്ങുന്ന പട്ടികയാണ് 527 പേജുകളുള്ള കുറ്റപത്രത്തിനൊപ്പം പോലീസ് സമര്‍പ്പിച്ചത്.

പ്രധാനപ്പെട്ട രണ്ടു തെളിവുകള്‍ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് കുറ്റപത്രത്തില്‍ നിന്ന് വ്യക്തമാക്കുന്നു. കൊലനടക്കുമ്പോള്‍ അമീറുള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും അന്വേഷണസംഘത്തിന് കണ്ടെത്താനായില്ല. കൊലനടത്തുന്നതിനു രണ്ടു ദിവസം മുന്‍പുതന്നെ മൊബൈല്‍ ഫോണ്‍ അമീറുള്‍ നശിപ്പിച്ചതായാണ് പോലീസിന്റെ നിഗമനം. ഫോണ്‍ എന്തിനാണ് നശിപ്പിച്ചതെന്നു കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുമില്ല. തെളിവ് നശിപ്പിക്കല്‍, പട്ടികവിഭാഗ പീഡനനിയമം എന്നിവയനുസരിച്ച് അമീറുള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്താനായിട്ടില്ല.