പാക് കൂട്ടുകെട്ട് സമ്മതിച്ച് കോണ്‍ഗ്രസ്

Tuesday 12 December 2017 2:53 am IST

ന്യൂദല്‍ഹി: ന്യൂദല്‍ഹിയില്‍ പാക്കിസ്ഥാന്‍ പ്രതിനിധികളും കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്ത ചര്‍ച്ച നടന്നതായി കോണ്‍ഗ്രസ് സമ്മതിച്ചു. എന്നാല്‍ ഇത് രഹസ്യമല്ലെന്നും മുന്‍ കരസേനാ മേധാവിയും പങ്കെടുത്തുവെന്നുമാണ് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മയുടെ വാദം.

ദല്‍ഹിയില്‍ മണിശങ്കര്‍ അയ്യരുടെ വസതിയില്‍ പാക് നയതന്ത്ര പ്രതിനിധിയും മുന്‍ പ്രധാനമന്ത്രിമന്‍മോഹന്‍ സിങ്ങും മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും പങ്കെടുത്ത രഹസ്യചര്‍ച്ചകള്‍ നടന്നതായി ഞായറാഴ്ച ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തിയത്. ഇത് പുറത്തുവന്നതോടെ കോണ്‍ഗ്രസ് വെട്ടിലായി. തുടര്‍ന്നാണ് യോഗം രഹസ്യമല്ലെന്ന വാദവുമായി കോണ്‍ഗ്രസ് ഇറങ്ങിയത്.

മുന്‍പ്രധാനമന്ത്രിയും പാക് നേതാക്കളും നയതന്ത്രപ്രതിനിധികളും മുന്‍ ഉപരാഷ്ട്രപതിയും മുന്‍കരസേനാ മേധാവിയും പങ്കെടുത്ത യോഗം നടന്നിരുന്നു. ഇത് രഹസ്യമല്ല, ആനന്ദ് ശര്‍മ്മ പറയുന്നു. ഇത്് പ്രധാനമന്ത്രി വിവാദമാക്കുകയാണ്. നിരുത്തരവാദപരമായ, അപലപനീയമായ പ്രസ്താവനയാണ് മോദിയുടേത്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് മോദിയുടെ ശ്രമം, ശര്‍മ്മ തുടര്‍ന്നു.

എന്നാല്‍ എന്ത് പൊതുപരിപാടിയാണ് സംഘടിപ്പിച്ചത്, അതിന്റെ സാഹചര്യമെന്ത്, എന്തു വിഷയമാണ് ചര്‍ച്ച ചെയ്തത്,ആരൊക്കെയാണ് പങ്കെടുത്തത്, എന്തായിരുന്നു ലക്ഷ്യം തുടങ്ങിയ കാര്യങ്ങളെപ്പറ്റി ശര്‍മ്മ ഒരക്ഷരം പറഞ്ഞിട്ടില്ല. അതോടെ മണിശങ്കര്‍ അയ്യരുടെ വസതിയില്‍ നടന്ന ചര്‍ച്ച കൂടുതല്‍ ദുരൂഹതയിലായി.

മോദിയുടെ വെളിപ്പെടുത്തല്‍ പാക്കിസ്ഥാനും ശരിക്ക് കൊണ്ടു. മോദിക്കെതിരെ പ്രസ്താവനയുമായി പാക് വിദേശകാര്യ വക്താവും രംഗത്തെത്തി. നിങ്ങളുടെ തെരഞ്ഞെടുപ്പ് യുദ്ധത്തിലേക്ക് ഞങ്ങളെ വലിച്ചിഴയ്ക്കരുത്, അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. പാക് വിദേശകാര്യ വക്താവ് പറഞ്ഞു. എന്നാല്‍ യോഗം ചേര്‍ന്നില്ലെന്നോ തങ്ങള്‍ പങ്കെടുത്തില്ലെന്നോ പറയാന്‍ അവരും തയ്യാറായിട്ടില്ല.

പാക് പ്രസ്താവനയോട് ബിജെപി ശക്തമായി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഞങ്ങളെ പാക്കിസ്ഥാന്‍ പഠിപ്പിക്കേണ്ടതില്ല. ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ പുറത്തുനിന്നുള്ള ശക്തികള്‍ ഇടപെടുന്നതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു. പാക്കിസ്ഥാന്‍ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ശ്രമിക്കുകയാണോ? ഇതിനു വേണ്ടി അവര്‍ വിശദീകരണവുമായി വന്നതും ദുരൂഹമാണ്-കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
പാക് സ്ഥാനപതിക്ക് കോണ്‍ഗ്രസ് നേതാക്കളും അവരോട് അടുപ്പമുള്ള ഉദ്യോഗസ്ഥരും മാത്രമായി നല്‍കിയ വിരുന്നാണിതെന്നാണ് സൂചന. പ്രധാനമന്ത്രിക്ക് പരസ്യമായി പറയാവുന്നതിന്റെ അപ്പുറമുള്ള ചര്‍ച്ചകളും ഇടപെടലുകളും നടന്നുവെന്നാണ് വിവരം.