രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍

Tuesday 12 December 2017 2:30 am IST

ന്യൂദല്‍ഹി: രാജീവ് ഗാന്ധിയും സോണിയാ ഗാന്ധിയും ചേര്‍ന്ന് കാല്‍നൂറ്റാണ്ടിലേറെ വഹിച്ച കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ പദവി ഇനി രാഹുല്‍ഗാന്ധിക്ക്. രാഹുലിനെ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായി പ്രഖ്യാപിച്ചു. ഡിസംബര്‍ 16ന് എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ രാഹുല്‍ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുക്കും.

എതിരാളികളില്ലാതെ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം മുഖ്യവരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രനാണ് പ്രഖ്യാപിച്ചത്. രാഹുല്‍ഗാന്ധിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്താങ്ങി 89 സെറ്റ് പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്നലെ പൂര്‍ത്തിയായതോടെയാണ് രാഹുലിനെ അധ്യക്ഷനായി പ്രഖ്യാപിച്ചത്. സ്ഥാനലബ്ധിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഹുലിന് ആശംസ നേര്‍ന്നു.

സ്വാതന്ത്ര്യാനന്തര കോണ്‍ഗ്രസിന്റെ പതിനേഴാമത് അധ്യക്ഷനാണ് രാഹുല്‍ഗാന്ധി. നെഹ്രു കുടുംബത്തില്‍ നിന്നുള്ള ആറാമത്തെ നേതാവും. 1947ന് ശേഷമുള്ള 37 വര്‍ഷവും നെഹ്രു കുടുംബത്തില്‍ നിന്നുള്ളവരാണ് കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവിയില്‍ ഇരുന്നിട്ടുള്ളത്. 16ന് എഐസിസി ആസ്ഥാനത്ത് ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ അധ്യക്ഷ സോണിയാഗാന്ധിയില്‍ നിന്ന് രാഹുല്‍ പദവി ഏറ്റെടുക്കും.