കോട്ടയം: കേരളാ കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഒന്നാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാനും എന്‍ഡിഎ ദേശീയ സമിതി അംഗവുമായ പി.സി.തോമസ് പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് സ്ഥാപകന്‍ കെ.എം.ജോര്‍ജിന്റെ 41-ാം ചരമ വാര്‍ഷിക ദിനാചരണത്തോട് അനുബന്ധിച്ച് കോട്ടയം പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനവും എന്ന കേരളാ കോണ്‍ഗ്രസിന്റെ മുദ്രാവാക്യത്തിന് കാലിക പ്രാധാന്യം ഏറിവരികയാണ്. പദ്ധതികള്‍ നടപ്പാക്കപ്പെടേണ്ടത് സംസ്ഥാനങ്ങളുടെ ഘടന മനസിലാക്കി വേണം. ദേശീയ വീക്ഷണത്തോടെ സംസ്ഥാനങ്ങള്‍ ശക്തിപ്പെടേണ്ടതുണ്ട്. കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍ന്നത് ആശയത്തിന്റെ പേരില്‍ അല്ലെന്നും പി.സി.തോമസ് പറഞ്ഞു.
സെമിനാര്‍ പി.സി.ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കേരളാ കോണ്‍ഗ്രസ്(ജേക്കബ്) ചെയര്മാന് ജോണി നെല്ലൂര്‍, കേരളാ കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് അയര്‍ക്കുന്നം രാമന് നായര്‍, ഗ്രേസമ്മ മാത്യു,ബാബു അങ്കമാലി, സ്റ്റീഫന്‍ ചാഴികാടന്,അഹമ്മദ് തോട്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: