ആംബുലന്‍സ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി മത്സ്യതൊഴിലാളികള്‍ പാലം ഉപരോധിച്ചു: രണ്ടുമണിക്കൂര്‍ ഗതാഗതം മുടങ്ങി

Tuesday 12 December 2017 2:27 am IST

 

 

പള്ളുരുത്തി: രൂക്ഷമായ കടലാക്രമണം നേരിടുന്ന തീരമേഖലയില്‍ പുലിമുട്ടുകളോട് കൂടിയ കടല്‍ഭിത്തികള്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് തീരദേശത്തെ മത്സ്യതൊഴിലാളികള്‍ നടത്തിയ തോപ്പുംപടി ബിഒടി പാലം മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ഇന്നലെ രാവിലെ പത്ത് മണിയോടെ സമര സമിതിയുടെ നേതൃത്വത്തില്‍ നൂറ് കണക്കിന് മത്സ്യതൊഴിലാളികള്‍ പാലം ഉപരോധിച്ചു വിവിധ ഇടവകകളിലെ വികാരിമാര്‍ മുന്‍നിരയിലുണ്ടായിരുന്നു.

മാര്‍ച്ചിനുശേഷം തൊഴിലാളികള്‍ പാലത്തിന്റെ കവാടവും പരിസരവും ഉപരോധിച്ചതോടെ വാഹനങ്ങള്‍ക്ക് ഒരു വഴിയിലൂടേയും പോകാന്‍ കഴിയാത്ത അവസ്ഥയായി. രണ്ടു മണിക്കൂറിലേറെ നേരം തോപ്പുംപടിയില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇതിനിടെ ഗുരുതരാവസ്ഥയിലായ രോഗിയെ കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടയില്‍ ആംബുലന്‍സ് സമരക്കാര്‍ തടഞ്ഞത് അല്‍പ്പസമയം സംഘര്‍ഷത്തിനിടയാക്കി. രോഗിയുമായി പോകുകയാണെതന്ന് പറഞ്ഞിട്ടും ആംബുലന്‍സ് വിടാന്‍ സമരക്കാര്‍ തയ്യാറായില്ല. പിന്നീട് മുതിര്‍ന്നവര്‍ ഇടപെട്ട് ആംബുലന്‍സിന് വഴിയൊരുക്കി കൊടുക്കുകയായിരുന്നു.

ഫാ. ആന്റണി ടോപ്പോള്‍ സമരം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ പല കാര്യങ്ങളിലും തീരുമാനമായെങ്കിലും പുലിമുട്ടുകളോട് കൂടിയ കടല്‍ഭിത്തി നിര്‍മ്മിക്കുന്ന കാര്യത്തില്‍ ഒഴുക്കന്‍ മട്ടിലുള്ള സമീപനമാണ് അധികൃതര്‍ സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ദ്രോണാചാര്യ മാതൃകയില്‍ പുലിമുട്ടുകളോട് കൂടിയ കടല്‍ ഭിത്തി നിര്‍മ്മിച്ച് ഫോര്‍ട്ട്‌കൊച്ചി മുതല്‍ ചെല്ലാനം വരെയുള്ള തീരത്തെ ജനതയെ സംരക്ഷിക്കുക, തീരദേശത്തെ മല്‍സ്യതൊഴിലാളികള്‍ക്ക് വീട് വെക്കുന്നതിനും താമസിക്കുന്നതിനുമുള്ള തടസ്സങ്ങള്‍ നീക്കുക, ദുരന്തത്തിനിരയായവര്‍ക്ക് ന്യായമായ നഷ്ട പരിഹാരം നല്‍കുക, മരിച്ച മല്‍സ്യതൊഴിലാളികള്‍ക്ക് 25 ലക്ഷം രൂപ വീതവും ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കുക, മല്‍സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ഫാ. സാംസണ്‍ ആഞ്ഞിലിപ്പറമ്പില്‍. ഫാ. അലന്‍ ലെസ്ലി പുന്നക്കല്‍, ഫാ. മില്‍ട്ടന്‍ കളപ്പുരക്കല്‍, ഫാ. ജോര്‍ജ്ജ് ബിബിലന്‍ ആറാട്ടുകുളം, ഫാ. ജോസഫ് ചിറാപ്പള്ളി, ഫാ. മാത്യൂ മാക്‌സന്‍ അത്തിപ്പൊഴി, ഫാ. തോമസ് പനക്കല്‍, ഫാ. ജോസഫ് ചിറാപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു. റോഡുപരോധത്തിന് എട്ടു വൈദികള്‍ക്കും കണ്ടാലറിയാവുന്ന ആയിരം പേര്‍ക്കെതിരേയും തോപ്പുംപടി പോലീസ് കേസ്സെടുത്തു.