സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മന്‍മോഹന്‍ അനുമതി നല്‍കാത്തതെന്തേ? മോദി

Tuesday 12 December 2017 2:30 am IST

വഡോദര: മുംബൈ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിങ് തയ്യാറാവാതിരുന്നതെന്തുകൊണ്ടുണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മിന്നലാക്രമണത്തിനുള്ള അനുമതിക്കായി വ്യോമസേന മന്‍മോഹന്‍ സിങ്ങിനെ സമീപിച്ചെങ്കിലും അനുമതി നല്‍കാന്‍ തയ്യാറായില്ലായെന്നും മോദി പറഞ്ഞു. ഗുജറാത്തില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വഡോദരയില്‍ നടന്ന ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

സൈന്യം തയ്യാറായിട്ടും മുംബൈ ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക്കിസ്ഥാനില്‍ മിന്നലാക്രമണം നടത്താന്‍ മന്‍മോഹന്‍സിങ് ധൈര്യം കാണിച്ചില്ല. ആരുടെ നിര്‍ദ്ദേശ പ്രകാരമാണ് മന്‍മോഹന്‍ മിന്നലാക്രമണത്തിന് അനുമതി നല്‍കാതിരുന്നതെന്ന് മോദി ചോദിച്ചു.
അതേസമയം ഉറി ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഇപ്പോഴത്തെ ബിജെപി സര്‍ക്കാരിനായി.

പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ സൈന്യം സര്‍ജിക്കല്‍ സെ്രെടക്ക് നടത്തി. ഭീകര ക്യാമ്പുകളും ലോഞ്ച് പാഡുകളും ഇന്ത്യന്‍ സൈന്യം ആക്രമിച്ച് നശിപ്പിച്ചു. ആളപായം ഇല്ലാതെയാണ് ഇന്ത്യന്‍ സൈന്യം പാക് മണ്ണില്‍ ആക്രമണം നടത്തിയത്. എന്നാല്‍ പാക്കിസ്ഥാനേറ്റ പരാജയം ഏറെ വലുതാണ്. ഇതാണ് എന്‍ഡിഎ സര്‍ക്കാറും യുപിഎ സര്‍ക്കാറും തമ്മിലുള്ള പ്രകടമായ വ്യത്യാസമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സര്‍ജിക്കല്‍ സ്‌െ്രെടക്കിനെ ചോദ്യം ചെയ്ത രാഹുല്‍ ഗാന്ധിയെ മോദി വിമര്‍ശിച്ചു. ദേശ സുരക്ഷയെ സംബന്ധിച്ച ഇത്തരം രഹസ്യങ്ങള്‍ പരസ്യമായി പറയാന്‍ കഴിയുന്നതാണോ എന്നും മോദി ചോദിച്ചു. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വഡോദരയിലും വാരാണസിയിലും മോദി വിജയിച്ചിരുന്നു, വഡോദരയിലെ ജനങ്ങളുടെ അനുമതിയോടെ ഗുജറാത്ത് മോഡല്‍ വികസനം ഉത്തര്‍ പ്രദേശിലും കൊണ്ടുവരുന്നതിനായിട്ടാണ് വാരാണസി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വാരാണസി സ്വീകരിക്കുവാന്‍ അനുമതി നല്‍കിയ വഡോദരയിലെ ജനങ്ങളോട് മോദി നന്ദി പറഞ്ഞു. നോട്ട് നിരോധനത്തിലൂടെ ജമ്മു കശ്മീരില്‍ ഭീകരര്‍ക്ക് ധനസഹായം നല്‍കിയിരുന്ന ഹവാല റാക്കറ്റിനെ നിയന്ത്രിക്കുവാന്‍ സാധിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ മണിശങ്കര്‍ അയ്യരുടെ വീട്ടില്‍ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണറും കോണ്‍ഗ്രസ് നേതാക്കളും കൂടിക്കാഴ്ച നടത്തിയതില്‍ മോദി അത്ഭുതം പ്രകടിപ്പിച്ചു. താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ വിദേശപ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് യുപിഎ സര്‍ക്കാരിനെ നയിച്ചിരുന്ന മന്‍മോഹന്‍ സിങ്ങിന്റെ അനുമതി തേടിയിരുന്നതായി അദ്ദേഹം പറഞ്ഞു.