ജിഷ വധം: ഒരു നിരപരാധിക്ക് കിട്ടുന്ന ഏറ്റവും വലിയ ശിക്ഷയെന്ന്

Tuesday 12 December 2017 2:46 pm IST

കൊച്ചി: ഒരു നിരപരാധിക്ക് കിട്ടുന്ന ഏറ്റവും വലിയ ശിക്ഷയാണ് ജിഷവധക്കേസില്‍ അമീറുളിന് ലഭിച്ചതെന്ന് പ്രതിയുടെ അഭിഭാഷകന്‍ അഡ്വ.ആളൂര്‍. ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ അമീറുളിന് നീതി നിഷേധിക്കപ്പെടുകയായിരുന്നുവെന്നും പ്രതി സംഭവസ്ഥലത്തുണ്ടായിരുന്നു എന്നതുകൊണ്ടു മാത്രമാണ് ശിക്ഷാര്‍ഹനായതെന്നും ആളൂര്‍ പറഞ്ഞു.

കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനാല്‍ പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നായിരിക്കും പ്രോസിക്യൂഷന്‍ വാദിക്കുക. അതിനാല്‍ പ്രതിക്ക് കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് താന്‍ വാദിക്കുമെന്നും അഡ്വ. ആളൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അമീറുള്‍ ഇസ്ലാമാണ് കേസിലെ ഏക പ്രതി. പ്രതിക്കെതിരായ ശാസ്ത്രീയ തെളിവുകള്‍ നിരത്തിയാണ് പ്രോസിക്യൂഷന്‍ അന്തിമവാദം നടത്തിയത്.

നിലവിലെ തെളിവുകള്‍ പ്രതിക്കെതിരെ കുറ്റം തെളിയിക്കാന്‍ പര്യാപ്തമല്ലെന്ന വാദമാണ് പ്രതിഭാഗം ഉയര്‍ത്തിയത്. കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികളായി 100 പേരെയും പ്രതിഭാഗം സാക്ഷികളായി ആറു പേരെയും കോടതി വിസ്തരിച്ചിരുന്നു.