തട്ടമിട്ട് ഫ്‌ളാഷ് മോബ് അവതരിപ്പിച്ച പെണ്‍കുട്ടിക്കു വധഭീഷണിയെന്നു പരാതി

Tuesday 12 December 2017 7:38 pm IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വേദിക്കു സമീപം ഫ്‌ളാഷ് മോബ് അവതരിപ്പിച്ച പെണ്‍കുട്ടിക്കുനേരെ വധഭീഷണിയെന്നു പരാതി. മലപ്പുറം സ്വദേശിനി ജസ് ലയാണ് മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മിഷനും നേരിട്ടു പരാതി നല്‍കിയത്. ഫ്‌ളാഷ് മോബ് അവതരിപ്പിച്ചതിനുശേഷം തനിക്ക് സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും ജീവനു ഭീഷണി ഉയരുന്നുണ്ടെന്നു പെണ്‍കുട്ടി പരാതിപ്പെടുന്നു.

ഐഎഫ്എഫ്‌കെ വേദിയില്‍ തട്ടമിട്ട് ഫ്‌ളാഷ് മോബ് അവതരിപ്പിച്ച ജസ്ലയ്ക്കു നേരെ കഴിഞ്ഞ ദിവസങ്ങളായി കടുത്ത സൈബര്‍ അധിക്ഷേപമാണുണ്ടാകുന്നത്. ലൈവ് വീഡിയോകള്‍ വഴിയും വാട്‌സാപ്പ് ഗ്രൂപ്പുകളിലെ ചര്‍ച്ചകള്‍ വഴിയും പെണ്‍കുട്ടിക്കെതിരേയും ഇവരുടെ കുടുംബാംഗങ്ങള്‍ക്കെതിരേയും അധിക്ഷേപവും ഭീഷണിയും തുടരുകയാണ്.

മലപ്പുറത്ത് എയിഡ്‌സ് ബോധവല്‍ക്കരണ ക്യാന്പയിനിന്റെ ഭാഗമായി തട്ടമിട്ട പെണ്‍കുട്ടികള്‍ ഫ്‌ളാഷ് മോബ് കളിച്ചതിനെത്തുടര്‍ന്നു അവര്‍ക്ക് നേരേയുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരായ പ്രതിഷേധം എന്ന നിലയിലാണു ജസ് ലയും കൂട്ടരും തിരുവനന്തപുരത്തു ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചത്.