ഓഖി: പൊഴിയൂര്‍ സ്വദേശിയുടെ മൃതദേഹം ഡിഎന്‍എ ടെസ്റ്റില്‍ തിരിച്ചറിഞ്ഞു

Tuesday 12 December 2017 7:45 pm IST

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കടല്‍ക്ഷോഭത്തില്‍പ്പെട്ടു മരിച്ചനിലയില്‍ കണ്ടെത്തിയ ഒരാളുടെ മൃതദേഹംകൂടി തിരിച്ചറിഞ്ഞു. പൊഴിയൂര്‍ സൗത്ത് കൊല്ലങ്കോട് ജസ്റ്റിന്റെ മകന്‍ മേരി ജോണിനേയാണ് (30) തിരിച്ചറിഞ്ഞത്. മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.

തിരിച്ചറിയാനാകാത്തവിധം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഡിഎന്‍എ ടെസ്റ്റിലൂടെയാണു തിരിച്ചറിഞ്ഞത്.

ഇതുവരെ 19 പേരെയെയാണു മരിച്ച നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുവന്നത്. ഒരാള്‍ ആശുപത്രിയില്‍ മരണമടഞ്ഞിരുന്നു. മെഡിക്കല്‍ കോളജില്‍ 8 മൃതദേഹങ്ങളാണ് ഇനി തിരിച്ചറിയാനുള്ളത്. ഇതില്‍ നാലു മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലും മൂന്നു മൃതദേഹങ്ങള്‍ ശ്രീചിത്രയിലെ മോര്‍ച്ചറിയിലും ഒരു മൃതദേഹം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലും തിരിച്ചറിയാത്ത നിലയില്‍ സൂക്ഷിക്കുന്നു.

കടലില്‍നിന്നു രക്ഷപ്പെടുത്തിയ വിഴിഞ്ഞം സ്വദേശി സൈമണെ (37) ചൊവ്വാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. ഇനി എട്ടുപേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.