ഹോം » പൊതുവാര്‍ത്ത » 

ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണം: ഗഡ്കരി

July 17, 2011

ലണ്ടന്‍: മുംബൈ സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ ഭീകരതയ്ക്കെതിരായി അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടാകണമെന്ന്‌ ബിജെബി ദേശീയ പ്രസിഡന്റ്‌ നിതിന്‍ ഗഡ്കരി ആഹ്വാനം ചെയ്തു. ഭീകരവാദം മാനവരാശിക്കെതിരായ വിപത്താണെന്നും വിവിധ രാജ്യങ്ങളുടെ സംയുക്തമായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഇത്‌ പൂര്‍ണമായും ഉന്മൂലനം ചെയ്യാനാവുയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ലണ്ടനില്‍ നടന്ന ബിജെപി അനുഭാവികളായ പ്രവാസികളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗഡ്കരി. ഭീകരവാദത്തെ പാക്കിസ്ഥാന്‍ കയറ്റുമതി ചെയ്യുകയാണെന്ന ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണിന്റെ പ്രസ്താവനയെ അദ്ദേഹം സ്വാഗതം ചെയ്തു. ഭീകരവാദത്തെ നയതന്ത്രമാര്‍ഗമാക്കിയ പാക്കിസ്ഥാനെപ്പോലൊരു രാജ്യത്തെക്കുറിച്ച്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി പറഞ്ഞത്‌ അക്ഷരംപ്രതി ശരിയാണ്‌. ഭീകരതയുടെ മാര്‍ഗം വെടിഞ്ഞ്‌ പാക്കിസ്ഥാന്‍ സമാധാനത്തിലേക്ക്‌ വരണമെന്നതാണ്‌ ഇന്ത്യയുടെ ആവശ്യം, ഗഡ്കരി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചപ്പോഴാണ്‌ കാമറൂണ്‍ പാക്കിസ്ഥാന്‍ പിന്തുണയോടുകൂടി നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ആശങ്ക പ്രകടിപ്പിച്ചത്‌.
ഇതോടൊപ്പം പാക്കിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടേണ്ടത്‌ ഇന്ത്യയുടെ കൂടി ആവശ്യമാണെന്നും പട്ടിണി, തൊഴിലില്ലായ്മ എന്നിവയ്ക്കെതിരെ ഇരു രാജ്യങ്ങള്‍ക്കും ഒരുമിച്ച്‌ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം സംജാതമാകണമെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി. നിലവില്‍ പാക്കിസ്ഥാന്റെ ആഭ്യന്തര സുരക്ഷ ഭീഷണി നേരിടുകയാണ്‌. ലഷ്ക്കറെ തൊയ്ബ, ജെയ്ഷ്‌ ഇ മൊഹമ്മദ്‌ എന്നീ ഭീകരസംഘടനകള്‍ ആ രാജ്യത്തെ ചാരസംഘടനയായ ഐഎസ്‌ഐയുമായി ഒത്തുചേര്‍ന്ന്‌ പ്രവര്‍ത്തിക്കുകയാണ്‌ അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യയെ കൂടാതെ ബ്രിട്ടനിലും ഭീകരന്മാര്‍ താവളമുറപ്പിക്കുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണെന്നും ഭീകരതയ്ക്കെതിരായ യുദ്ധത്തില്‍ ബ്രിട്ടനിലുള്ള ഇന്ത്യന്‍ വംശജര്‍ പങ്കാളികളാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്രിട്ടനിലെ സമ്പദ്‌ വ്യവസ്ഥയിലേക്ക്‌ ഇന്ത്യന്‍ വംശജര്‍ നല്‍കി വരുന്ന സംഭാവനകള്‍ അഭിമാനാര്‍ഹമാണ്‌. ഇവിടെയുള്ള ഇന്ത്യന്‍ വംശജര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക്‌ സര്‍ക്കാരുമായി കൂടിയാലോചിച്ച്‌ പരിഹാരം കാണും ഗഡ്കരി ഉറപ്പു നല്‍കി. ഇതിനിടയില്‍ ഇന്ത്യയില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ വികസനത്തിലേക്ക്‌ വിരല്‍ ചൂണ്ടാനും അദ്ദേഹം മറന്നില്ല. ഗുജറാത്ത്‌ ഉള്‍പ്പെടെയുള്ള ബിജെപി ഭരിക്കുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക്‌ വിദേശങ്ങളില്‍ ലഭിക്കുന്ന ആദരവ്‌ പാര്‍ട്ടിയുടെ ഭരണമികവിന്റെ ദൃഷ്ടാന്തമാണ്‌ ഗഡ്കരി പറഞ്ഞു. ഇതോടൊപ്പം ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തമാക്കുന്നതില്‍ പ്രധാന പങ്ക്‌ വഹിക്കുന്ന ഇവിടുത്തെ ഇന്ത്യക്കാരെയോര്‍ത്ത്‌ തനിക്ക്‌ അഭിമാനമുണ്ടെന്ന്‌ മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയുടെ വികസനത്തിനായും ഇവര്‍ ഒപ്പമുണ്ടാകുമെന്ന്‌ പ്രതീക്ഷിക്കുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപി മഹിളാ മോര്‍ച്ച പ്രസിഡന്റ്സ്മൃതി ഇറാനി, ഗുജറാത്തില്‍നിന്നുള്ള പുതിയ രാജ്യസഭാംഗമായ വിജയ്‌ ജോളി ലണ്ടനിലെ ബിജെപി അനുഭാവ സംഘടനയുടെ പ്രസിഡന്റ്‌ സുരേന്ദ്ര ശര്‍മ എന്നിവരും സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
ഇതിനിടെ ഭീകരവാദത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ മൃദു സമീപനത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ മുംബൈ സ്ഫോടന പരമ്പര പോലുള്ള ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെട്ടേക്കുമെന്ന്‌ മുതിര്‍ന്ന ബിജെപി നേതാവ്‌ എല്‍.കെ.അദ്വാനി അഭിപ്രായപ്പെട്ടു.
മുംബൈ സ്ഫോടനങ്ങളുടെ പേരില്‍ ആ സംസ്ഥാനത്തെ മുഖ്യമന്ത്രിയേയോ ആഭ്യന്തര മന്ത്രിയേയോ നിങ്ങള്‍ക്ക്‌ കുറ്റപ്പെടുത്താന്‍ സാധിക്കും, പക്ഷെ കേന്ദ്രത്തിന്‌ ഈ ദുരന്തത്തിന്റെ ഉത്തരവാദിത്തമെന്നതാണ്‌ വാസ്തവം, അദ്ദേഹം ബ്ലോഗില്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ ആഭ്യന്തര മന്ത്രിയായ എന്‍സിപിയുടെ ആര്‍.ആര്‍.പാട്ടീലിന്‌ മേല്‍ സര്‍വ്വ കുറ്റവും കെട്ടിവെയ്ക്കാനുള്ള മുഖ്യമന്ത്രി പൃഥിരാജ്‌ ചവാന്റെ ശ്രമം പരിഹാസ്യമാണെന്നും ദുരന്തത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും രക്ഷപ്പെടാനായി നിരപരാധികളെ കരുക്കളാക്കി കോണ്‍ഗ്രസ്‌ രാഷ്ട്രീയ നാടകം കളിക്കുകയാണെന്നും അദ്വാനി ആരോപിച്ചു. അഭ്യന്തര വകുപ്പ്‌ കൈകാര്യം ചെയ്യുന്ന പാര്‍ട്ടിയാണെന്നതിനാല്‍ എന്‍സിപിയെ മാത്രം കുറ്റപ്പെടുത്തുന്ന തരത്തിലുള്ള ചവാന്റെ പരാമര്‍ശങ്ങള്‍ പൊതുജനങ്ങളെ അതിശയിപ്പിച്ചിരിക്കുകയാണ്‌. കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരംപോലും സംഭവത്തില്‍ സംസ്ഥാന ആഭ്യന്തരവകുപ്പിനെ കുറ്റപ്പെടുത്തിയിട്ടില്ല, അദ്ദേഹത്തിന്റെ ബ്ലോഗ്‌ പറയുന്നു.
ഇതൊടൊപ്പം സ്പെക്ട്രം കേസില്‍ മുന്‍ കേന്ദ്ര ടെലികോം മന്ത്രി രാജ ജയിലിലായിട്ടു കൂടി കോണ്‍ഗ്രസ്‌ ഡിഎംകെയോടുള്ള പതിവു പ്രീണന നയം മാറ്റിയിട്ടില്ലെന്നും അദ്വാനി കുറ്റപ്പെടുത്തി.

Related News from Archive
Editor's Pick