ദാവൂദ്-ഷക്കീല്‍ കൂട്ടുകെട്ട് തകര്‍ന്നു

Thursday 14 December 2017 2:46 am IST

ന്യൂദല്‍ഹി: അഭിപ്രായഭിന്നത രൂക്ഷമായതോടെ ഛോട്ടാഷക്കീല്‍ അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിന്റെ പാളയം വിട്ടതായി റിപ്പോര്‍ട്ട്. ദാവൂദുമായുള്ള ബന്ധം ഉപേക്ഷിച്ച ഷക്കീല്‍ ഒളിസങ്കേതത്തിലാണെന്നാണ് സൂചന. 1980കളിലാണ് ദാവൂദും ഛോട്ടാഷക്കീലും ഇന്ത്യ വിട്ടത്. ആദ്യം പാക്കിസ്ഥാനിലെ കറാച്ചിയില്‍ താമസമാക്കിയെങ്കിലും പിന്നീട് ഷക്കീല്‍ കറാച്ചിയിലെ സമ്പന്നരുടെ മേഖലയായ ക്ലിഫ്റ്റണിലേക്ക് മാറി.

സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ദാവൂദിന്റെ ഇളയ സഹോദരന്‍ അനീസ് ഇബ്രാഹിം കൈകടത്തുന്നതാണ് ഷക്കീലിന് അതൃപ്തിയുണ്ടാകാന്‍ കാരണമെന്ന് കരുതുന്നു. 1993ലെ മുംബൈ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ഇന്ത്യ തിരയുന്ന കൊടുംഭീകരരാണ് മൂവരും.
മുപ്പതുവര്‍ഷമായി ദാവൂദിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഷോട്ടാഷക്കീല്‍ നേതൃത്വം നല്‍കുന്നുണ്ട്. എന്നാല്‍ കുറച്ചുനാളുകളായി ഷക്കീലിനെ പിന്തള്ളി അനീസ് തന്റെ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. ഇത് ദാവൂദ് പലപ്പോഴും തടഞ്ഞിരുന്നു. എന്നാല്‍ അടുത്തിടെ അനീസും ഷക്കീലുമായി കടുത്ത വാക്കുതര്‍ക്കമുണ്ടായി. ഇതാണ് ഇപ്പോഴത്തെ വഴിപിരിയലിന് കാരണം.

തന്നെ അനുകൂലിക്കുന്നവര്‍ക്കൊപ്പം ഷക്കീല്‍ ഒളിസങ്കേതത്തില്‍ പോയത് പാക് ഇന്റലിജന്‍സ് ഏജന്‍സിയായ ഐഎസ്‌ഐയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഭിന്നത പരിഹരിക്കാന്‍ ഐഎസ്‌ഐ തീവ്രശ്രമാണ് നടത്തുന്നത്. ഇത് ഇന്ത്യയ്‌ക്കെതിരായ തങ്ങളുടെ നീക്കങ്ങളെയും ബാധിക്കുമോയെന്നതാണ് പാക് ചാരസംഘടനയുടെ ആശങ്ക.

സംഘത്തിന്റെ വേര്‍പിരിയല്‍ മുംബൈ കേന്ദ്രീകരിച്ചുള്ള ഇവരുടെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചു. 20 വര്‍ഷത്തിലേറെയായി ദാവൂദ് തീര്‍ത്തും സ്വകാര്യ ജീവിതമാണ് നയിക്കുന്നത്. ഇക്കാലയളവിലെല്ലാം ദാവൂദിന്റെ നാവായി പ്രവര്‍ത്തിച്ചിരുന്നതും ഷക്കീലാണ്. ഈ പിളര്‍ച്ച് ദാവൂദിനും അനീസിനുമിടയില്‍ അകല്‍ച്ചയ്ക്ക് കാണമാകുമോയെന്നും കാത്തിരുന്നു കാണേണ്ടതാണ്.