ബെംഗളൂരു : ഹിന്ദു സംഘടനാ പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് കൊല്ലാന്‍ തുടങ്ങിയതോടെ കര്‍ണ്ണാടകം മറ്റൊരു കശ്മീരായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ബിജെപി. സംസ്ഥാനത്ത് സമീപകാലത്ത് 15 ഹിന്ദു പ്രവര്‍ത്തകരാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.
ഹിന്ദുക്കളെ തെരഞ്ഞുപിടിച്ച് കൊല്ലുന്നതിന് കര്‍ണ്ണാടകയില്‍ അന്താരാഷ്ട്ര ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പി. മുരളീധര്‍ റാവു ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തനങ്ങളുടെ ചുമതല റാവുവിനാണ്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലേക്കും പ്രത്യേകം പ്രകടന പത്രിക പുറത്തിറക്കും. ഓരോ മണ്ഡലത്തിലും സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന 500 പേരെ വീതം കണ്ടെത്തി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതാണ്.
ഇതിനായി വിവിധ മണ്ഡലങ്ങളിലെ പ്രൊഫഷണലുകളേയും സാസ്കാരിക നേതാക്കളേയും കണ്ടെത്തി പ്രകടന പത്രികകള്‍ പുറത്തിറക്കും. ഡോക്ടര്‍മാര്‍ വ്യവസായ പ്രമുഖര്‍, തുടങ്ങി വിവിധ മേഖലകളിലുള്ളവരുമായി 50 ഓളം സമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിച്ചതിനുശേഷമാവും പ്രകടന പത്രിക പുറത്തിറക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: