ഇതാ ഗുജറാത്തിന്റെ ഹൃദയം

Thursday 14 December 2017 2:47 am IST

വിരല്‍ചൂണ്ടി നില്‍ക്കുന്ന ഭീംറാവു അംബേദ്കറുടെ പ്രതിമയാണ് കെവാടിയ കോളനിയിലേക്ക് നമ്മെ സ്വീകരിക്കുന്നത്. ഇടത്തരം കച്ചവടസ്ഥാപനങ്ങള്‍ ഏറെയുള്ള കവല. ജനത്തിരക്കിന് കുറവില്ല. മലയിടുക്കും താഴ്‌വരകളും തടാകങ്ങളും സുന്ദരമാക്കിയ, നര്‍മ്മദാ നദി നിറഞ്ഞൊഴുകുന്ന ഈ ഉള്‍നാടന്‍ വനവാസി ഗ്രാമത്തിലേക്ക് വിനോദസഞ്ചാരികളുടെ പ്രവാഹം.

എട്ട് കിലോമീറ്റര്‍ അകലെയുള്ള സര്‍ദാര്‍ സരോവര്‍ അണക്കെട്ടാണ് പുതിയ ആകര്‍ഷണ കേന്ദ്രം.
നര്‍മ്മദ ജില്ലയിലെ വനവാസി മേഖലയാണ് കെവാടിയ. രാജസ്ഥാന്‍, മധ്യപ്രദേശ് അതിര്‍ത്തി ഗ്രാമങ്ങളിലുള്ള തട്‌വി വിഭാഗമാണ് ഭൂരിഭാഗം. ബിജെപി തുടര്‍ച്ചയായി ജയിക്കുന്ന മണ്ഡലത്തില്‍ ഇത്തവണയും താമര വിരിയുമെന്നാണ് ഓട്ടോ ഡ്രൈവറായ ദീപക്ഭായ് തട്‌വിയുടെ ഉറച്ച വിശ്വാസം.

പ്രധാനമന്ത്രി മോദിയുടെ കടുത്ത ആരാധകനാണ് ദീപക് ഭായ്. ”മോദിയുടെ ഭരണമാണ് ഗ്രാമത്തില്‍ വികസനമെത്തിച്ചത്. ഇപ്പോള്‍ വനവാസികള്‍ക്ക് വീടുകളുണ്ട്. നേരത്തെ പലരും റോഡരികിലെ കൂടാരങ്ങളിലാണ് കിടന്നുറങ്ങിയത്. ഡാം പൂര്‍ത്തിയായതതോടെ ജലദൗര്‍ലഭ്യവും പരിഹരിക്കപ്പെട്ടു. മുടക്കമില്ലാതെ വൈദ്യുതിയും ലഭിക്കുന്നുണ്ട്”. ആധുനിക സംവിധാനങ്ങളോടെയുള്ള പുതിയ സര്‍ക്കാര്‍ ആശുപത്രിയുടെ നിര്‍മ്മാണവും അദ്ദേഹം കാട്ടിത്തന്നു.

കോണ്‍ക്രീറ്റ് റോഡുകളിലൂടെ കുത്തനെയുള്ള കയറ്റം കയറി അണക്കെട്ടിന് ഏതാനും മീറ്റകലെ ദീപക് ഭായ് ഓട്ടോ നിര്‍ത്തി. അനുബന്ധ ജോലികള്‍ നടക്കുന്നതിനാല്‍ അണക്കെട്ടിലേക്ക് പ്രവേശനമില്ല. നര്‍മ്മദയെ ഹൃദയത്തിലൊതുക്കി സര്‍ദാര്‍ സരോവര്‍ അണക്കെട്ട് കൊടുമുടികളെ നോക്കി പുഞ്ചിരിക്കുന്നു. ഗ്രാമീണരുടെ ജീവനാഡിയായി നര്‍മ്മദ ഒഴുകുന്നു. ഗുജറാത്തിനെ മാറ്റിമറിച്ച വികസമെന്ന പെരുമയോളം ഉയരമുണ്ട് സരോവര്‍ അണക്കെട്ടിന്.

നര്‍മ്മദയെ തടുത്തതാര്?
സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ ആശയമായിരുന്നു അണക്കെട്ട്. 1961ല്‍ നെഹ്‌റു തറക്കല്ലിട്ടെങ്കിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പൂര്‍ത്തിയാക്കാന്‍ താല്‍പര്യമെടുത്തില്ല. ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തിയതോടെ നിയമനടപടികളും നേരിട്ടു. 2006ല്‍ 121.92 മീറ്റര്‍ ഉയരത്തിലുള്ള അണക്കെട്ടിനാണ് അനുമതി ലഭിച്ചത്. ഇതിനെതിരെ ഗുജറാത്തില്‍ പ്രതിഷേധമുയര്‍ന്നു. 2014ല്‍ മോദി പ്രധാനമന്ത്രിയായതിന് പിന്നാലെ ഉയരം 138.68 മീറ്ററാക്കി ഉയര്‍ത്തി. മാസങ്ങള്‍ക്കുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രവൃത്തി പൂര്‍ത്തിയാക്കി. കഴിഞ്ഞ സപ്തംബറില്‍ പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്.

ഗ്രാമങ്ങളില്‍ വോട്ട് നിലനിര്‍ത്താന്‍ അണക്കെട്ട് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. പ്രചാരണത്തില്‍ വിഷയം കൃത്യമായി അവതരിപ്പിക്കുന്ന മോദി കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പദ്ധതി ഇല്ലാതാക്കാന്‍ ശ്രമിച്ചെന്ന ആരോപണവും ഉന്നയിക്കുന്നുണ്ട്. ലോകത്ത് ഒരു പദ്ധതിക്കും ഇത്രയേറെ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. അണക്കെട്ട് പൂര്‍ത്തിയാക്കിയത് സര്‍ക്കാരിന് നേട്ടമാണെന്ന തിരിച്ചറിവ് കോണ്‍ഗ്രസ്സിനുണ്ട്. പദ്ധതി ലക്ഷ്യത്തിലെത്തിയില്ലെന്നും കര്‍ഷകര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ വെള്ളം കനാലുകളിലാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

9633 ഗ്രാമങ്ങള്‍ക്ക് കുടിവെള്ളം
സംസ്ഥാനത്തെ 3112 ഗ്രാമങ്ങള്‍ക്ക് കാര്‍ഷികാവശ്യത്തിന് ജലം ലഭിക്കും. 18.45 ലക്ഷം ഹെക്ടര്‍ കൃഷിഭൂമിയില്‍ നര്‍മ്മദയിലെ വെള്ളത്താല്‍ ജീവിതം വിളയും. 75 ശതമാനവും രൂക്ഷമായ വരള്‍ച്ച നേരിടുന്ന ഗ്രാമങ്ങളാണ്. 9633 ഗ്രാമങ്ങള്‍ക്കും 131 നഗരപ്രദേശങ്ങള്‍ക്കും കുടിവെള്ളം. 18144 ഗ്രാമങ്ങളാണ് ആകെയുള്ളത്. പകുതിയിലേറെ ഗ്രാമങ്ങള്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നു. വ്യവസായികാവശ്യങ്ങള്‍ക്കും വെള്ളം ലഭ്യമാക്കും. ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി.

അണക്കെട്ടിന് സമീപത്തെ തടാകം

നിരവധി വൈദ്യുത പദ്ധതികളും പരിഗണനയില്‍. കാര്‍ഷിക വ്യാവസായിക വികസനവും തൊഴില്‍ ഉത്പാദനവും മെച്ചപ്പെടും. ഭാവ്‌നഗര്‍, ബോതഡ്, സുരേന്ദ്രനഗര്‍ ജില്ലകള്‍ക്കാണ് കൂടുതല്‍ പ്രയോജനമെങ്കിലും സംസ്ഥാനമാകെ നര്‍മ്മദ ജലം ഉപയോഗിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് സര്‍ക്കാര്‍. സൗരാഷ്ട്രയിലേക്ക് വെള്ളമെത്തിക്കാന്‍ 2012ല്‍ സൗരാഷ്ട്ര നര്‍മ്മദ അവതരണ്‍ ഇറിഗേഷന്‍ യോജന മോദി ആരംഭിച്ചു.

2019ല്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് പതിനാറായിരം കോടിയാണ് ചെലവ്. നര്‍മ്മദ അണക്കെട്ടിലെ വെള്ളം കനാലുകളിലൂടെ സൗരാഷ്ട്രയിലെ 115ഓളം പ്രധാന അണക്കെട്ടിലെത്തിക്കുകയാണ് ലക്ഷ്യം. മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്കും ജലസേചനത്തിന് അണക്കെട്ട് ഉപകരിക്കും.