റിപ്പബ്‌ളിക് ദിനാഘോഷത്തിന് 10 വിശിഷ്ടാഥിതികള്‍

Thursday 14 December 2017 2:46 am IST

ന്യൂദല്‍ഹി: ജനുവരി 26ന് റിപ്പബ്‌ളിക്ക് ദിനാഘോഷത്തിന് ഇത്തവണ ചില പ്രത്യേകതയുണ്ട്. രാജ്യം ആതിഥ്യമരുളുന്നത് ഒരാള്‍ക്കല്ല,10 വിശിഷ്ടാഥിതികള്‍ക്ക്. ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള 10 നേതാക്കള്‍ മുഖ്യാഥിതിയായി ആഘോഷങ്ങളില്‍ പങ്കെടുക്കുമെന്നാണ് സൂചന.

ഇന്ത്യയിലെ ജനങ്ങള്‍ റിപ്പബ്‌ളിക്ക്ദിനാഘോഷ ചടങ്ങിലേക്ക് ആസിയാന്‍ രാഷ്ട്ര തലവന്മാരെ സ്വാഗതം ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. മനിലയില്‍ കഴിഞ്ഞ മാസം നടന്ന 15-ാമത് ആസിയാന്‍ ഉച്ചകോടിക്കിടെയാണ് മോദി നേതാക്കളെ സ്വാഗതം ചെയ്തത്.

ആസിയാന്‍ രാജ്യങ്ങളുമായുള്ള സൗഹൃദം ഉറപ്പിക്കുന്നതിനായി ആസിയാന്‍ – ഇന്ത്യ നിശ്ചലദൃശ്യപ്രദര്‍ശനവും റിപ്പബ്‌ളിക് ദിന പരേഡില്‍ അരങ്ങേറുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. കൂടാതെ, ഈ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ ജനുവരിയില്‍ ദല്‍ഹിയില്‍ നടക്കുന്ന രാമായണ മഹോത്സവത്തില്‍ പരിപാടികള്‍ അവതരിപ്പിക്കും.

ഭീകരവാദം അടിച്ചമര്‍ത്താനുള്ള ആസിയാന്‍ രാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ ശക്തമായ പിന്തുണ നല്‍കുന്നുണ്ട്. ബ്രൂണെ,കംബോഡിയ,ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്‍മാര്‍, സിംഗപ്പൂര്‍,തായ്‌ലാന്റ്, വിയറ്റ്‌നാം,ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളാണ് ആസിയാനിലെ അംഗങ്ങള്‍.