ഓഖി; ആറ് മൃതദേഹങ്ങൾ കണ്ടെത്തി; മരണ സംഖ്യ 74

Thursday 14 December 2017 7:50 am IST

കോഴിക്കോട്: ഓഖി ദുരന്തത്തില്‍പ്പെട്ട് മരിച്ച ആറു മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളാണ് ബേപ്പൂരില്‍ നിന്ന് 11 നോട്ടിക്കല്‍ മൈല്‍ അകലെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ 74 ആയി.

ഇന്നലെ 12 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ബേപ്പൂരില്‍നിന്ന് എട്ടും കാപ്പാട്, പൊന്നാനി, എറണാകുളം കണ്ണമാലി, കൊടുങ്ങല്ലൂര്‍ അഴീക്കോട് എന്നിവിടങ്ങളില്‍നിന്ന് ഓരോ മൃതദേഹങ്ങളുമാണ് ഇന്നലെ ലഭിച്ചത്. ഉള്‍ക്കടലില്‍ മൃതദേഹങ്ങള്‍ ഇനിയുമുണ്ടെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. കാണാതായവരുടെ കണക്കില്‍ അവ്യക്തത തുടരുന്നു.

വിവിധ ജില്ലകളിലെ ആശുപത്രികളില്‍ തിരിച്ചറിയാത്ത 36 മൃതദേഹങ്ങളുണ്ട്. കോഴിക്കോട് 13, തിരുവനന്തപുരം എട്ട്, മലപ്പുറം, തൃശൂര്‍, കൊല്ലം, ജില്ലകളിലായി എട്ടു പേരെയും എറണാകുളം ജില്ലയില്‍ ഏഴു പേരെയുമാണ് തിരിച്ചറിയാനുള്ളത്.