രണ്ടാംഘട്ടത്തില്‍ 68.7 ശതമാനം

Thursday 14 December 2017 6:30 pm IST

ന്യൂദല്‍ഹി: ഗുജറാത്ത് നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പില്‍ 68.7 ശതമാനം പോളിങ്. സെന്‍ട്രല്‍ ഗുജറാത്തിലെയും വടക്കന്‍ ഗുജറാത്തിലെയും 14 ജില്ലകളിലെ 93 മണ്ഡലങ്ങളിലായിരുന്നു ഇന്നലെ വോട്ടെടുപ്പ്.

ആദ്യ ഘട്ടത്തില്‍ 68 ശതമാനമായിരുന്നു പോളിങ്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖര്‍ രണ്ടാം ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തി. അഹമ്മദാബാദിലെ സ്‌കൂളിലെത്തി വരിനിന്ന് വോട്ട് ചെയ്ത മോദി ഒരു കിലോമീറ്റര്‍ ദൂരം തുറന്ന വാഹനത്തില്‍ വോട്ട് ചെയ്ത വിരലുയര്‍ത്തിക്കാട്ടി ജനങ്ങളെ അഭിവാദ്യം ചെയ്തു. വോട്ടിങ് ദിനം പ്രധാനമന്ത്രി റോഡ് ഷോ നടത്തിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാവയായി മാറിയെന്നും ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.

കോണ്‍ഗ്രസിന്റെ ജാതിരാഷ്ട്രീയം തള്ളിക്കളഞ്ഞ ഗുജറാത്തിലെ ജനങ്ങള്‍ വികസനത്തിന് വോട്ടു രേഖപ്പെടുത്തിയെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞു. ജനങ്ങളെ വിവിധ തട്ടുകളിലായി ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് കോണ്‍ഗ്രസ് നടപ്പാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ അതെല്ലാം തള്ളിക്കളഞ്ഞു, രൂപാനി പറഞ്ഞു.