നിക്കി എയര്‍ലൈന്‍സ് അടച്ചുപൂട്ടി; 5,000 പേര്‍ വിദേശത്ത് കുടുങ്ങി

Friday 15 December 2017 10:15 am IST

വിയന്ന: കടംകയറി പാപ്പരായ ഓസ്ട്രിയയിലെ രണ്ടാമത്തെ വിമാന സര്‍വീസായ നിക്കി എയര്‍ലൈന്‍സ് പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇതോടെ യാത്രയ്ക്ക് എയര്‍ലൈന്‍സിനെ ആശ്രയിച്ചിരുന്ന 5,000 യാത്രക്കാര്‍ വിദേശത്ത് കുടുങ്ങി. മുന്‍കൂറായി ബുക്ക് ചെയ്തിരുന്ന 40,000 ടിക്കറ്റുകളും റദ്ദാക്കുകയും ചെയ്തു. സാധാരണ സര്‍വീസുകളും ഹോളിഡേ സര്‍വീസുകളുമുള്‍പ്പെടെ എയര്‍ലൈന്‍സിന്റെ 20 ഓളം വിമാനങ്ങളാണ് പറക്കല്‍ അവസാനിപ്പിച്ചത്.

കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമം തുടങ്ങിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സാന്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചുപൂട്ടിയ എയര്‍ ബെര്‍ലിന്‍ എയര്‍ലൈന്‍സ് കന്പനിയുടെ മറ്റൊരു യൂണിറ്റാണ് നിക്കി. മേഖലയിലെ വിമാനക്കന്പനികള്‍ തമ്മിലുള്ള മത്സരവും ഉയര്‍ന്ന പ്രവര്‍ത്തന ചിലവും കന്പനിയെ കടുത്ത സാന്പത്തിക പ്രതിസന്ധിയില്‍ കൊണ്ടെത്തിക്കുകയായിരുന്നു.

മുന്‍ ഓസ്ട്രിയന്‍ ഫോര്‍മുല വണ്‍ ചാന്പ്യന്‍ നിക്കി ലൗഡയാണ് വിമാനക്കന്പനിയുടെ സ്ഥാപകന്‍. 2011ലാണ് അദ്ദേഹം നിക്കിയെ എയര്‍ ബെര്‍ലിന്‍ എയര്‍ലൈന്‍സിന് വിറ്റത്.