കൊട്ടാരക്കര: താലൂക്ക് ഓഫീസ് പരിസരം തെരുവുനായ്ക്കള്‍ കൈയ്യടക്കുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി താലൂക്ക് ഓഫീസിലേക്ക് വരുന്നവര്‍ ഭയപ്പെട്ടാണ് യാത്ര ചെയ്യുന്നത്.
ഇതിന് സമീപത്തുതന്നെയാണ് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസ്, ഫിംഗര്‍ പ്രിന്റ് ഓഫീസ്, റൂറല്‍ പോലീസിന്റെ ആധുനിക ചോദ്യംചെയ്യല്‍ മുറി എന്നിവ പ്രവര്‍ത്തിക്കുന്നത്. ഈ ഓഫീസുകളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ഭീതിയോടെയാണ് ഇവിടേക്ക് എത്തുന്നത്.
ഏതു നിമിഷവും കൂട്ടത്തോടെയുള്ള നായ്ക്കളുടെ ആക്രമണം ഉണ്ടാകുമെന്ന് ആളുകള്‍ ഭയപ്പെടുന്നു. കൂട്ടമായി ഓഫീസുകളുടെ വാതിലിലും വഴിയിലുമാണ് ഇവരുടെ വാസം. ഉദ്യോഗസ്ഥര്‍ പലതവണ മേലധികാരികള്‍ക്ക് തെരുവുനായ്ക്കളുടെ ശല്യത്തെകുറിച്ച് പരാതി പറഞ്ഞെങ്കിലും നടപടി ഉണ്ടായിട്ടില്ല.
നടപടി എടുക്കേണ്ട നഗരസഭാധികൃതര്‍ നായ്ക്കളെ പിടികൂടുവാനുള്ള പദ്ധതികള്‍ ഒന്നും നടപ്പിലാക്കിയിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ കൊട്ടാരക്കര ടൗണില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് 12 പേര് താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
മാലിന്യസംസ്കരണം യഥാവിധം നടപ്പിലാക്കാത്തതും തെരുവോരങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും തെരുവുനായയുടെ വിഹാരത്തിന് കാരണമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: