ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലത്തില്‍ കണ്ണും നട്ട് ചൈന

Friday 15 December 2017 6:59 pm IST

 

ന്യൂദല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് സശ്രദ്ധം നിരീക്ഷിച്ച് ചൈന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക പരിഷ്‌ക്കാരങ്ങളെക്കുറിച്ച് ജനങ്ങളുടെ മനോഭാവമെന്താണെന്നുള്ള പരീക്ഷയായിട്ടാണ് ചൈന ഇതിനെക്കാണുന്നതെന്ന് ചൈനയുടെ ഔദ്യോഗികമാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയിലെ സാമ്പത്തിക പരിഷ്‌കാരങ്ങളില്‍ എന്തെങ്കിലും മാറ്റമുണ്ടാകുകയാണെങ്കില്‍ ആദ്യം പ്രതിഫലിക്കുക ചൈനയെയായിരിക്കുമെന്നാണ് അവരുടെ വിലയിരുത്തല്‍. ഇന്ത്യയിലെ സാമ്പത്തിക പരിഷ്‌ക്കാരങ്ങളുമായി നിരവധി ചൈനീസ് കമ്പനികള്‍ക്ക് ബന്ധമുണ്ട്. നിരവധി വന്‍കിട മൊബൈല്‍ കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഗുജറാത്തില്‍ ബിജെപി വിജയിക്കുകയാണെങ്കില്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുമായി മോദി മുന്നോട്ട് പോകുമെന്നാണ് ചൈനയുടെ വിലയിരുത്തല്‍. ബിജെപി ഗുജറാത്തില്‍ പരാജയപ്പെട്ടാല്‍ സാമ്പത്തിക പരിഷ്‌ക്കാരങ്ങളില്‍ നിന്നുള്ള പിന്നോക്കം പോകലായിരിക്കും അതെന്നാണ് വിലയിരുത്തല്‍. മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യക്കുണ്ടാകുന്ന പുരോഗതിയില്‍ ചൈനക്കും പാക്കിസ്ഥാനും വേവലാതിയുണ്ട്.

കഴിഞ്ഞ ദിവസം വന്ന എല്ലാ എക്‌സിറ്റ്‌പോള്‍ ഫലങ്ങളിലും ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ബിജെപി മികച്ച വിജയം നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.