ബിഎംഎസ് പ്രവര്‍ത്തകന്റെ ഓട്ടോ തകര്‍ത്തു; പാനൂരില്‍ ഓട്ടോ പണിമുടക്കി

Friday 15 December 2017 8:23 pm IST

പാനൂര്‍: ബിഎംഎസ് പ്രവര്‍ത്തകനെ മര്‍ദ്ദിക്കുകയും, ഓട്ടോ തകര്‍ക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ പാനൂരില്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ പണിമുടക്ക് നടത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് പന്തക്കലിലേക്ക് ട്രിപ്പുപോയ പാലക്കൂലിലെ ചെല്ലട്ടന്റെവിട ലിജീഷി(30)നെ ഒരു സംഘം മര്‍ദ്ദിക്കുകയും, ഓട്ടോ തകര്‍ക്കുകയും ചെയ്തത്. അഞ്ചംഗ സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നില്ലെന്ന് പളളൂര്‍ പോലീസില്‍ ലിജീഷ് നല്‍കിയ പരാതിയില്‍ പറഞ്ഞു. ഓട്ടോയുടെ മുന്‍വശത്തെ ഗ്ലാസും അക്രമത്തില്‍ തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റ ലിജീഷിനെ തലശേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ചു പാനൂര്‍ ടൗണില്‍ നടത്താനിരുന്ന ബിഎംഎസിന്റെ പ്രകടനവും, പൊതുയോഗവും സിഐ വി.വി.ബെന്നിയുടെ അഭ്യര്‍ത്ഥന മാനിച്ച് നേതാക്കളുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്ന് ഒഴിവാക്കി. സമാധാന കമ്മറ്റി യോഗത്തിനു ശേഷം വീണ്ടും അസ്വസ്ഥത ഒഴിവാക്കാനായിരുന്നു നീക്കം. ബിഎംഎസ് നേതാക്കളായ ഇ.രാജേഷ്, സിപി.രാജീവന്‍, എന്‍.പി.നിജില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.