ഡ്രോണുകള്‍: വ്യവസ്ഥകള്‍ രണ്ടുമാസത്തിനുള്ളില്‍

Saturday 16 December 2017 10:00 am IST

ന്യൂദല്‍ഹി: ആളില്ലാവിമാനങ്ങള്‍ (ഡ്രോണ്‍) ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ രണ്ടുമാസത്തിനുള്ളില്‍ നിലവില്‍ വരുമെന്ന് കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം കഴിഞ്ഞമാസം ആളില്ലാവിമാനങ്ങള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള കരട് നിബന്ധനകള്‍ പൊതുജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ക്കായി അവതരിപ്പിച്ചിരുന്നു.

100 നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങളില്‍ നിന്നും ലഭിച്ചതായി മന്ത്രി പറഞ്ഞു. 30-60 ദിവസങ്ങള്‍ക്കുള്ളില്‍ ചട്ടങ്ങള്‍ നിലവില്‍ വരും. ചട്ടങ്ങള്‍ നിലവില്‍ വരുന്നതോടെ ബിസിനസ്സുകാര്‍ക്കും മറ്റുള്ളവര്‍ക്കും ഇത് ഏറെ സഹായകരമാകും. സുരക്ഷയും സുരക്ഷിതത്വവും നിലനിര്‍ത്തുമെന്നും സിന്‍ഹ പറഞ്ഞു.

എയര്‍ക്രാഫ്റ്റ് നിയമങ്ങളില്‍ ഇതുവരെ ഡ്രോണ്‍ ഉണ്ടായിരുന്നില്ല. അഞ്ച് തരങ്ങളിലായി ഡ്രോണുകള്‍ വിഭജിച്ചിട്ടുണ്ട്. 250 ഗ്രാം വരെയുള്ളത് നാനോ, 250 മുതല്‍ രണ്ടു കിലോ വരെയുള്ളത് മൈക്രോ, രണ്ടു കിലോമുതല്‍ 25 കിലോ വരെയുള്ളത് മിനി. 150 കിലോ വരുന്നത് ചെറിയ വിഭാഗത്തിലും അതിന് മുകളിലുള്ളത് വലിയ വിഭാഗത്തിലും ഉള്‍പ്പെടുത്തും.