പടയൊരുക്കമോ പടലപ്പിണക്കമോ?

Saturday 16 December 2017 2:45 am IST

ഏറെ കൊട്ടിഘോഷിച്ച് നടന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ‘പടയൊരുക്കം’ ജാഥയുടെ സമാപനം പലരും പ്രതീക്ഷിച്ചതുപോലെ പടലപ്പിണക്കത്തില്‍ കലാശിച്ചിരിക്കുന്നു. ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷായാത്രയുടെ വിജയം കണ്ട് അമ്പരന്ന് നടത്തിയതാണ്, സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ജനജാഗ്രതാ യാത്രപോലെ ചെന്നിത്തലയുടെ പടയൊരുക്കവും. കോടിയേരിയുടെ യാത്രയ്ക്ക് കൂപ്പര്‍ സവാരിയുടെയും, തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തിന്റെയും പശ്ചാത്തലത്തില്‍ അഴിമതിയുടെ വിളംബരയാത്രയായി അവസാനിക്കാനായിരുന്നു വിധി. യാത്ര എങ്ങനെയെങ്കിലും ഒന്ന് അവസാനിച്ചു കിട്ടിയാല്‍ മതിയെന്ന് ആഗ്രഹിക്കാത്ത സിപിഎമ്മുകാര്‍ ഉണ്ടായിരുന്നില്ല.

പേരിനൊരു യാത്ര നടത്തിയെന്നല്ലാതെ ജനശ്രദ്ധയാകര്‍ഷിക്കാന്‍ ഒരിടത്തും ചെന്നിത്തലയ്ക്ക് കഴിഞ്ഞില്ല. കോണ്‍ഗ്രസിലെ ഗ്രൂപ്പ് യാത്രയായാണ് പടയൊരുക്കം പല ജില്ലകളിലൂടെയും കടന്നുപോയത്. ജനപങ്കാളിത്തം പോയിട്ട് സ്വന്തം പാര്‍ട്ടിക്കാര്‍പോലും ജാഥയില്‍ പങ്കാളിയായില്ല. ഓഖി ചുഴലിക്കാറ്റ് വന്ന് യാത്രയുടെ സമാപനം മാറ്റിവച്ചുവെന്ന വാര്‍ത്ത കേട്ടപ്പോഴാണ് ഇങ്ങനെയൊരു ‘പടയൊരുക്കം’ നടക്കുന്നുണ്ടല്ലോ എന്ന് പലരും അറിഞ്ഞതുതന്നെ.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ അത്ഭുതങ്ങള്‍ കാഴ്ചവച്ച് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ എത്തുന്നതോടെ പടയൊരുക്കത്തിന്റെ സമാപനം കൊഴുപ്പിക്കാമെന്നായിരുന്നു ചെന്നിത്തലയുടെ കണക്കുകൂട്ടല്‍. ജാതിമതശക്തികളെ മുഴുവന്‍ കൂട്ടുപിടിച്ച്, സഹജമായ കാപട്യങ്ങളെല്ലാം പുറത്തെടുത്ത് നടത്തിയ പ്രചാരണത്തില്‍ വലിയ പ്രതീക്ഷയായിരുന്നു കോണ്‍ഗ്രസിന്. പപ്പു ഇക്കുറി കഴിവ് തെളിയിക്കുമെന്നുതന്നെ കോണ്‍ഗ്രസുകാര്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചു.

എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്നതോടെ എല്ലാ ആവേശവും കെട്ടുപോയി. എല്ലാ എക്‌സിറ്റ്‌പോള്‍ ഫലങ്ങളും ബിജെപിക്ക് വിജയം പ്രവചിച്ചതാണ് ഇതിനു കാരണം. കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത് വെറുതെയായെന്ന ഭാവമായിരുന്നു പടയൊരുക്കത്തിന്റെ സമാപനത്തിന് തിരുവനന്തപുരത്തെത്തിയ രാഹുലിന്. ഗ്രൂപ്പുകള്‍ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചതോടെ പടയൊരുക്കത്തിന്റെ ഒടുക്കം പാളയത്തില്‍പ്പടയായി മാറുകയും ചെയ്തു.

രാജ്യത്ത് കോണ്‍ഗ്രസ് ഭരണം അവശേഷിക്കുന്ന അപൂര്‍വം തുരുത്തുകളിലൊന്നാണ് േകരളം. ഗുജറാത്തിനൊപ്പം തെരഞ്ഞെടുപ്പ് നടന്ന ഹിമാചലിലും കോണ്‍ഗ്രസിന് ഭരണം നഷ്ടമാവുമെന്നുറപ്പാണ്. കേരളത്തിലെങ്കിലും പിടിച്ചുനിന്നേ മതിയാവൂ. പക്ഷേ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ ആഘാതത്തില്‍നിന്ന് കരകയറാന്‍ ഇപ്പോഴും കേരളത്തിലെ കോണ്‍ഗ്രസിനായിട്ടില്ല. പ്രമുഖ നേതാക്കളെല്ലാംതന്നെ സോളാര്‍ അഴിമതിക്കേസില്‍ അകപ്പെട്ട് കിടക്കുമ്പോള്‍, മാന്യനായി നിന്ന് നേട്ടമുണ്ടാക്കാമെന്നും, അടുത്ത മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയാവാമെന്നുമാണ് ചെന്നിത്തല കണക്കുകൂട്ടുന്നത്.

എന്നാല്‍ ചെന്നിത്തല മനസ്സില്‍ കാണുന്നത് മാനത്തു കാണുന്നവരാണ് ഉമ്മന്‍ചാണ്ടിയെപ്പോലുള്ള താപ്പാനകള്‍. കോണ്‍ഗ്രസ് ജയിച്ചില്ലെങ്കിലും വേണ്ടില്ല, ചെന്നിത്തലയെ മുഖ്യമന്ത്രിക്കസേരയില്‍ ഇരുത്തില്ല എന്ന വാശിയിലാണവര്‍. ജനകീയാടിത്തറ തകര്‍ന്നും, ചേരിപ്പോരിന്റെ പിടിയിലമര്‍ന്നും മുന്നണിയില്‍ത്തന്നെ ഒറ്റപ്പെട്ട അവസ്ഥയിലാണ് കോണ്‍ഗ്രസ്. കെ.എം. മാണി മറുകണ്ടം ചാടാനൊരുങ്ങുകയാണ്. വീരേന്ദ്രകുമാര്‍ വിട്ടുപോകുമെന്ന് ഉറപ്പായി. ഇപ്പോഴത്തെ അവസ്ഥയില്‍ എന്തൊക്കെ പടയൊരുക്കം നടത്തിയാലും കോണ്‍ഗ്രസ് രക്ഷപ്പെടാന്‍ പോകുന്നില്ല.