കൈയേറ്റങ്ങള്‍ക്കെതിരെ ഒന്നിക്കണം: അഡ്വ. ജയശങ്കര്‍

Saturday 16 December 2017 2:50 am IST

ബിജെപി സംസ്ഥാന പരിസ്ഥിതി സെല്ലിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച നീലക്കുറിഞ്ഞി ഉദ്യാനം, വസ്തുതയും നിലപാടും
എന്ന സെമിനാര്‍ അഡ്വ. എ. ജയശങ്കര്‍ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: മൂന്നാറിലുള്‍പ്പെടെ കൈയേറ്റങ്ങള്‍ക്കെതിരെ പ്രകൃതി സ്‌നേഹികള്‍ രാഷ്ടീയം മറന്ന് ഒന്നിക്കണമെന്ന് അഡ്വ.എ. ജയശങ്കര്‍. ബിജെപി സംസ്ഥാന പരിസ്ഥിതി സെല്ലിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച നീലക്കുറിഞ്ഞി ഉദ്യാനം, വസ്തുതയും നിലപാടും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൈയേറ്റത്തോടുള്ള ഇടതുപക്ഷത്തിന്റെ ഇപ്പോഴുള്ള നിലപാടിനോട് യോജിപ്പില്ല. കൈയേറ്റക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നവരായി സര്‍ക്കാര്‍ മാറി. ഇടതുപക്ഷസര്‍ക്കാരില്‍ നിന്നും ഇത് പ്രതീക്ഷിച്ചതല്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാധ്യമപ്രവര്‍ത്തകന്‍ ടി.ജി. മോഹന്‍ദാസ്, പ്രകൃതിസംരക്ഷണവേദി ചെയര്‍മാന്‍ എം.എന്‍. ജയചന്ദ്രന്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. സംസ്‌കാരികമായ ഇടപടലിലൂടെ നീലക്കുറിഞ്ഞിയെ സംരക്ഷിക്കാന്‍ സാധിക്കുമെന്ന് ടി.ജി. മോഹന്‍ദാസ് പറഞ്ഞു.
മൂന്നാറില്‍ മന്ത്രിതലസംഘം നടത്തിയ സന്ദര്‍ശനത്തിന്റെ വിശദവിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്നും ചര്‍ച്ച നടത്തിയെന്ന് പറയപ്പെടുന്ന നാട്ടുകാരുടെ വിശദവിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും എം.എന്‍. ജയചന്ദ്രന്‍ ആവശ്യപ്പെട്ടു.

ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. തേവര കോളേജ് റിട്ട. അസോ. പ്രൊഫസര്‍ ഡോ.സി.എം. ജോയി മോഡറേറ്ററായിരുന്നു. റിട്ട. ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വ്വേറ്റര്‍ ഡോ.എന്‍.സി. ഇന്ദുചൂഡന്‍ വിഷയാവതരണം നടത്തി. നിരവധി പ്രവര്‍ത്തകരും പരിസ്ഥിതി സ്‌നേഹികളും സെമിനാറില്‍ പങ്കെടുത്തു.