ഇഴഞ്ഞു നീങ്ങുന്ന സൂപ്പര്‍ ഫാസ്റ്റുകള്‍

Saturday 16 December 2017 2:50 am IST

കൊച്ചി: പേരില്‍ സൂപ്പര്‍ ഫാസ്റ്റ്, എന്നാല്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതോ സാധാരണ എക്‌സ്പ്രസ്, മെയില്‍ വണ്ടികളേക്കാളും അധിക സമയമെടുത്തും. തിരുവനന്തപുരം ഡിവിഷന് കീഴിലെ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകള്‍ക്കാണ് ഈ ദുരവസ്ഥ.

എക്‌സ്പ്രസ് ട്രെയിനുകളേക്കാള്‍ വേഗത്തിലെത്താമെന്ന് കരുതിയാണ് യാത്രക്കാര്‍ അധിക തുക നല്‍കി സൂപ്പര്‍ ഫാസ്റ്റില്‍ കയറുന്നത്. തിരുവനന്തപുരത്ത് നിന്ന് എറണാകുളം വരെ സൂപ്പര്‍ ഫാസ്റ്റ് നിരക്ക് 175 രൂപ. എക്‌സ്പ്രസ് ഓടുന്നത് 145 രൂപയ്ക്ക്.

കേരള സൂപ്പര്‍ ഫാസ്റ്റ് തിരുവനന്തപുരത്തു നിന്നും എറണാകുളം വരെ എത്താനെടുക്കുന്ന സമയം നാല് മണിക്കൂര്‍ 30 മിനിറ്റാണ്. റെയില്‍വേ സമയപ്പട്ടിക പ്രകാരം വൈകിട്ട് 5.15ന് പുറപ്പെടുന്ന വണ്ടി എറണാകുളത്ത് എത്തുന്നത് രാത്രി 9.45ന്. സാധാരണ എക്‌സ്പ്രസ് ട്രെയിനുകളായ ഗാന്ധിധാം, ഗുരുദേവ് തുടങ്ങിയ വണ്ടികള്‍ക്ക് വേണ്ടി വരുന്നത് നാല് മണിക്കൂര്‍ 20 മിനിറ്റ്. ചെന്നൈ സൂപ്പര്‍ ഫാസ്റ്റിന് പിറകെയുള്ള ഗുരുവായൂര്‍ ഇന്റര്‍സിറ്റി എറണാകുളം വരെയെത്താന്‍ എടുക്കുന്ന സമയം നാല് മണിക്കൂര്‍ 10 മിനിറ്റും. റെയില്‍വേ സമയപ്പട്ടികയിലെ കണക്കുകള്‍ പലപ്പോഴും ക്രോസിങ്ങിന്റെയും, മറ്റ് സാങ്കേതിക പ്രശ്‌നങ്ങളുടെയും പേരില്‍ നീളാറുണ്ട് എന്നതും സത്യം.

അധിക തുക നല്‍കി അരമണിക്കൂര്‍ നേരത്തെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ ആഗ്രഹിക്കുന്നവരോടാണ് ഡിവിഷന്‍ അധികൃതര്‍ ഇത്തരത്തിലുള്ള അവഗണന കാണിക്കുന്നത്. ട്രെയിനുകളുടെ സമയകൃത്യത അടക്കമുള്ള കാര്യങ്ങളെല്ലാം അതത് ഡിവിഷനാണ് തീരുമാനിക്കുന്നത്. ആലപ്പുഴ വഴിയുള്ള വണ്ടികളുടെ അവസ്ഥ ഇതിലും ദയനീയമാണ്. ഇവിടെ സൂപ്പര്‍ഫാസ്റ്റും, എക്‌സ്പ്രസ്സും തമ്മിലുള്ള സമയവ്യത്യാസം ഒന്നര മണിക്കൂര്‍ വരെയാണ്. തിരുവനന്തപുരത്ത് നിന്നും ബുധനാഴ്ചകളില്‍ ദല്‍ഹിക്ക് പോകുന്ന നിസാമുദ്ദീന്‍ എക്‌സ്പ്രസ് ആലപ്പുഴയിലെത്തുന്നത് വൈകിട്ട് 4.30നാണ്. ഈ വണ്ടി എറണാകുളം സൗത്തിലെത്തുന്നത് വൈകിട്ട് 6.55ന്. സമയം രണ്ട് മണിക്കൂര്‍ 25 മിനിറ്റ്. രാത്രി 7.40ന് ആലപ്പുഴയിലെത്തുന്ന ബെംഗളുരു എക്‌സ്പ്രസ്, സൗത്തില്‍ 8.35ന് എത്തും. സമയം വെറും 55 മിനിറ്റ്. കേരളത്തില്‍ നിന്നും ദല്‍ഹി ഉള്‍പ്പടെയുള്ള ദീര്‍ഘദൂര സര്‍വീസുകളുടെ അവസ്ഥയും സമാനമാണ്.

യാത്രക്കാരുടെ അനുഭവം

കൊച്ചി: വൈകിട്ട് ആറിനും രാത്രി 11.45നും ഇടയില്‍ എറണാകുളത്ത് നിന്നും ആലപ്പുഴ വഴിയുള്ള ഏക വണ്ടിയാണ് രാത്രി 7.40നുള്ള കൊല്ലം മെമു. വൈകിട്ട് ആറിനുള്ള പാസഞ്ചര്‍ കായംകുളം വരെയാണ് സര്‍വീസ്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 7.40നുള്ള പാസഞ്ചറില്‍ കയറിയിരുന്ന യാത്രക്കാരെ ഒന്നര മണിക്കൂറോളം എറണാകുളത്ത് കിടത്തിയാണ് റെയില്‍വേ നരകിപ്പിച്ചത്.

ഇതിനിടെ ആറര മണിക്കൂര്‍ വൈകിയെത്തിയ രപ്തിസാഗറിനെയും, നാല് മണിക്കൂര്‍ വൈകിയെത്തിയ ഷാലിമാറിനെയും കടത്തി വിട്ടിരുന്നു. എന്നാല്‍ ആറാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ കിടന്ന മെമുവിലുള്ള യാത്രക്കാര്‍ക്ക് ഈ ട്രെയിനുകളുടെ അറിയിപ്പ് പോലും കേള്‍ക്കാന്‍ കഴിഞ്ഞില്ല. അവസാന ബസ്സില്‍ വീട്ടിലേക്ക് പോകുന്ന അര്‍ത്തുങ്കല്‍ സ്വദേശിയായ ആനന്ദക്കുട്ടന്‍ അന്നേ ദിവസം ഓട്ടോയ്ക്ക് വേണ്ടി മാത്രം മുടക്കിയത് 400 രൂപ.

രാത്രി 8.55ന് ആലപ്പുഴ എത്തേണ്ട വണ്ടി അന്നെത്തിയത് രാത്രി 10.25ന്. അറിയിപ്പ് കൃത്യമായി കേള്‍ക്കാനുള്ള സംവിധാനം ഒരുക്കിയിരുന്നെങ്കില്‍ മറ്റ് വൈകി വന്ന ട്രെയിനിലെങ്കിലും കയറാന്‍ കഴിയുമായിരുന്നെന്നാണ് ആനന്ദക്കുട്ടന്‍ പറയുന്നത്.

വൈകിയോട്ടം തുടര്‍ക്കഥ

കൊച്ചി: ട്രെയിനുകളിലെ സമയപ്പട്ടികയിലെ പോരായ്മകള്‍ക്ക് പുറമേ വൈകിയോട്ടവും തുടര്‍ക്കഥയായതോടെ സ്ഥിരം യാത്രക്കാരാണ് ഏറെ ദുരിതത്തിലായത്. ഏത് സ്ഥലത്തെയും ട്രെയിനുകളുടെ ക്രോസിങ്ങ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അധികാരം ഡിവിഷണല്‍ ഓഫീസിലെ ചീഫ് കണ്‍ട്രോളിങ് വിഭാഗത്തിനാണ്. ഫലത്തില്‍ അതത് സ്റ്റേഷനുകളിലെ മാനേജര്‍മാരും, സ്റ്റേഷന്‍ മാസ്റ്ററുമെല്ലാം ഇക്കാര്യത്തില്‍ നിസ്സഹായരാണ്. എന്നാല്‍ യാത്രക്കാരുടെ പ്രതിഷേധങ്ങള്‍ക്ക് പലപ്പോഴും സ്റ്റേഷന്‍ മാസ്റ്ററും, ട്രെയിനിലെ ലോക്കോ പൈലറ്റുമാരുമാണ് ഇരകളാകുന്നത്. ബന്ധപ്പെട്ട സ്റ്റേഷനുകളിലെ സ്ഥിതി മനസ്സിലാക്കി യാത്രക്കാര്‍ ഏറെ ആശ്രയിക്കുന്ന ട്രെയിനുകള്‍ അധികം പിടിച്ചിടാതെ വിടാന്‍ സംവിധാമൊരുക്കണമെന്നാണ് സ്ഥിരം യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.