തൃപ്പൂണിത്തുറയില്‍ വന്‍ കവര്‍ച്ച; വീട്ടുകാരെ ആക്രമിച്ച് 50 പവന്‍ കവര്‍ന്നു

Saturday 16 December 2017 9:45 am IST

 

കൊച്ചി: തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് വന്‍ കവര്‍ച്ച. ഹില്‍പ്പാലസിന് സമീപമുള്ള വീട്ടിലാണ് കവര്‍ച്ച നടന്നത്. 50 പവനും 20,000 രൂപയും മോഷണം പോയി.

വീട്ടുകാരെ കെട്ടിയിട്ട ശേഷമായിരുന്നു മോഷണം, ഗൃഹനാഥന്‍ നന്ദകുമാറിന്റെ തലയ്ക്ക്  അടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കവര്‍ച്ച നടത്തിയത് തമിഴ്‌നാട്ടുകാരടങ്ങുന്ന 15 അംഗ സംഘമാണെന്നാണു പോലീസ് നല്‍കുന്ന സൂചന. വീട്ടിന്റെ മുന്‍ഭാഗത്തെ ജനല്‍കമ്പികള്‍ തകര്‍ത്തനിലയിലാണ്. ഇതുവഴിയാകാം മോഷ്ടാക്കള്‍ അകത്തു കടന്നതെന്നു കരുതുന്നു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം കൊച്ചി നഗരമധ്യത്തില്‍ വയോധികരായ ദമ്പതികളെ ആക്രമിച്ചു സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നിരുന്നു. നോര്‍ത്ത് ജംഗ്ഷനില്‍നിന്നു പുല്ലേപ്പടി പാലത്തിലേക്കു പോകുന്ന വഴിയില്‍ താമസിക്കുന്ന ഇല്ലിമൂട്ടില്‍ റിട്ട. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഇ.കെ. ഇസ്മയിലിന്റെ വീട്ടിലാണു മോഷണം നടന്നത്.