ജയലളിതയെ ആശുപത്രിയിലെത്തിക്കുമ്പോള്‍ ശ്വാസമില്ലായിരുന്നെന്നു വെളിപ്പെടുത്തല്‍

Saturday 16 December 2017 11:31 am IST

 

ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി ഡോക്ടര്‍ രംഗത്ത്. ജയലളിതയെ അപ്പോളൊ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ശ്വാസം നിലച്ച അവസ്ഥയിലായിരുന്നുവെന്ന് ആശുപത്രി വൈസ് ചെയര്‍പേഴ്സണ്‍ ഡോ.പ്രീത റെഡ്ഡി വെളിപ്പെടുത്തി. ഇക്കാര്യം ചികിത്സയിലിരിക്കെ ജയയ്‌ക്കൊപ്പമുണ്ടായിരുന്ന മൂന്നുപേര്‍ക്ക് അറിയാമായിരുന്നെന്നും പ്രീത വെളിപ്പെടുത്തി.

അര്‍ദ്ധബോധാവസ്ഥയിലാണ് ജയയെ കൊണ്ടുവന്നത്. എന്നാല്‍, വിദഗ്ധ ചികില്‍സകള്‍ക്കുശേഷം അവര്‍ ആരോഗ്യം വീണ്ടെടുത്തെന്നും ന്യൂദല്‍ഹിയില്‍ ഒരു സ്വകാര്യ ചാനലിനോട് പ്രീതി റെഡ്ഢി പറഞ്ഞു.ആശുപത്രി ഡോക്ടര്‍മാരും പുറത്തുനിന്നുള്ള വിദഗ്ധരുമാണ് ജയയെ പരിചരിച്ചത്. ഒടുവില്‍ സംഭവിച്ചത് വിധിയാണ്. അതില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് താന്‍ കരുതുന്നില്ല. ജയലളിത സമ്മതം തന്നവര്‍ മാത്രമാണ് അവരെ പരിചരിക്കാന്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നതെന്നും പ്രീത റെഡ്ഢി പറഞ്ഞു.

അതേസമയം സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മിഷന് ജയലളിതയുടെ മരണത്തിലെ അവ്യക്തതകള്‍ നീക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലഭിക്കാവുന്നതില്‍ ഏറ്റവും മികച്ച ചികിത്സയാണ് അവര്‍ക്കു ലഭിച്ചതെന്നും പ്രീത അഭിമുഖത്തില്‍ പറയുന്നു.