വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പുതിയ റെയില്‍ പദ്ധതി

Saturday 16 December 2017 3:50 pm IST

ഐസ്വാള്‍: വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളെ ബന്ധിപ്പിച്ച് 15 പുതിയ റെയില്‍ പദ്ധതികള്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മിസോറാമില്‍ 60 മെഗാവാട്ടിന്റെ പുതിയ ജലവൈദ്യൂത പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളെ റെയില്‍വേ മാപ്പില്‍ കൊണ്ടുവരാനുള്ള പദ്ധതികളാണ് കേന്ദ്രം ആവിഷ്‌കരിക്കുന്നത്. 1,385 കിലോമീറ്റര്‍ നീളത്തില്‍ 15 പുതിയ റെയില്‍ പദ്ധതികളാണ് കേന്ദ്രം നിര്‍മിക്കുമെന്നും ഇതിനായി 47,000 കോടി രൂപ അനുവദിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മ്യാന്‍മാര്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളുമായുള്ള ചരക്ക് നീക്കത്തിന് വടക്ക്-കിഴക്കന്‍ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടേണ്ടതുണ്ട്. വികസനത്തിന്റെ ഫലം എല്ലാവരിലും എത്തുമ്പോള്‍ മാത്രമേ പുതിയ ഇന്ത്യ എന്ന ലക്ഷ്യം സാധ്യമാവുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ഒന്നാം എന്‍ ഡി എ സര്‍ക്കാര്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളെ മോദി പ്രസംഗത്തില്‍ അഭിനന്ദിച്ചു. വാജ്‌പേയിയുടെ കാലത്ത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനു വേണ്ടി അര്‍ഥപൂര്‍ണമായ നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.